പ്രതീകാത്മക ചിത്രം

ഉപജില്ല മേളകളിലെ താളപ്പിഴകൾ; ജില്ല കായികോത്സവത്തിന് ആശങ്കയുടെ തുടക്കം

തൃശൂർ: ഉപജില്ല കായികമേളകളിലെ നടത്തിപ്പിലുണ്ടായ വൻ പാളിച്ചകളും കായികാധ്യാപകരുടെ നിസ്സഹകരണവും തീർത്ത ആശങ്കകൾക്കിടയിൽ തൃശൂർ ജില്ല സ്കൂൾ കായികമേളക്ക് വ്യാഴാഴ്ച കുന്നംകുളത്ത് തിരിതെളിയും. ഒക്ടോബർ 16, 17, 18 തീയതികളിലായി കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. നേരത്തെ ഒക്ടോബർ 14, 15, 16 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മേള വിവിധ കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു.

ഉപജില്ല തലത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ജില്ല മേളയുടെ നടത്തിപ്പിനെയും ബാധിക്കുമോ എന്ന ഭീതിയിലാണ്. കായികാധ്യാപകർ സമരത്തിന്റെ ഭാഗമായി മേളയുടെ സംഘാടനത്തിൽനിന്ന് വിട്ടുനിൽക്കുന്നതാണ് പ്രധാന പ്രതിസന്ധി. ഇതോടെ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്കാണ് നടത്തിപ്പ് ചുമതല. വേണ്ടത്ര വൈദഗ്ധ്യമില്ലാത്ത സംഘാടനം ഉപജില്ല മേളകളെ പലയിടത്തും താളംതെറ്റിച്ചു.

തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ സംഘാടകരും രക്ഷിതാക്കളും തമ്മിൽ കൈയാങ്കളിയുടെ വക്കോളമെത്തിയ സംഭവങ്ങൾ വരെയുണ്ടായി. ശാസ്ത്രീയമായ നടത്തിപ്പില്ലായ്മ, മത്സരങ്ങൾ മണിക്കൂറുകൾ വൈകുന്നത്, കല്ലും പുല്ലും നിറഞ്ഞ ട്രാക്കുകൾ, താരങ്ങൾക്ക് കൃത്യമായ വൈദ്യസഹായമോ കുടിവെള്ളമോ ഭക്ഷണമോ നൽകാതിരുന്നത് തുടങ്ങിയ ഗുരുതര പരാതികളാണ് വിവിധ ഉപജില്ലകളിൽനിന്ന് ഉയർന്നത്. രാവിലെ എട്ടിന് തുടങ്ങേണ്ട മത്സരങ്ങൾ ഉച്ചക്ക് രണ്ടിനും ആരംഭിക്കാത്ത അവസ്ഥ പോലുമുണ്ടായി. മണിക്കൂറുകളോളം വെയിലും കൊണ്ട് കാത്തുനിന്ന് തളർന്നാണ് പല കുട്ടികളും മത്സരങ്ങളിൽ പങ്കെടുത്തത്.

വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ കായികാധ്യാപകർ സമരത്തിലായിരുന്നെങ്കിലും കുട്ടികളുടെ പരിശീലനത്തിനോ മറ്റു സ്കൂൾ ജോലികൾക്കോ മുടക്കം വരുത്തിയിരുന്നില്ല. എന്നാൽ, ഏറെ നാളുകളായി തങ്ങളുടെ ആവശ്യങ്ങൾ ചെവികൊള്ളാത്ത സർക്കാറിനെതിരായ പ്രതിഷേധമായാണ് കായികാധ്യാപകർ മേളയിൽനിന്ന് വിട്ടുനിൽക്കുന്നത്. പലയിടത്തും ഉപജില്ല കായികമേളകൾ ഇനിയും പൂർത്തിയായിട്ടില്ലെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

പൂർത്തിയായ സ്ഥലങ്ങളിൽ തന്നെ, താരങ്ങൾക്ക് വിശ്രമിക്കാൻ ഒട്ടും സമയം നൽകാതെയാണ് ജില്ല മത്സരങ്ങൾക്കായി ഇറങ്ങേണ്ടി വരുന്നത്. ഇതിനുപുറമെ, ഒക്ടോബർ 18ന് ജില്ല മേള സമാപിക്കുന്നതോടെ, വിജയികൾക്ക് സംസ്ഥാന കായികമേളക്കായി ഒക്ടോബർ 22ന് തിരിക്കേണ്ടതുണ്ട്. മതിയായ വിശ്രമത്തിന് സാവകാശം ലഭിക്കാത്തത് താരങ്ങളുടെ പ്രകടനത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് ജില്ലതല മത്സരങ്ങൾ. 3,668 കായികതാരങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരക്കുന്നത്. ഉപജില്ല തലത്തിലുണ്ടായ പിഴവുകൾ ആവർത്തിക്കാതിരിക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സംഘാടകർക്ക് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

Tags:    
News Summary - Disruptions in sub-district fairs; a cause for concern for the district sports festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.