തൃശൂർ കോർപറേഷൻ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം പൊളിക്കുന്നത് മേയർ എം.കെ. വർഗീസ് സന്ദർശിക്കുന്നു
തൃശൂർ: ബിനി ടൂറിസ്റ്റ് ഹോമിലെ അനധികൃത പൊളിച്ചുനീക്കലിനെ ചൊല്ലി കോർപറേഷൻ കൗൺസിലിൽ ബഹളം. മേയറെ നടുത്തളത്തിലിറങ്ങി ഉപരോധിച്ചു. അസാധാരണ നടപടിയായി അടിയന്തരമായി വിളിച്ചുചേർത്ത കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷം ആരോപണമുയർത്തി വളഞ്ഞത്. കെട്ടിടത്തിന്റെ ഒരുഭാഗം അനധികൃതമായി പൊളിച്ചത് അഴിമതിയാണെന്നും വിജിലൻസ് അന്വേഷിക്കണമെന്നും കോൺഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടു. നടുത്തളത്തിലിറങ്ങി കാൽ മണിക്കൂർ നീണ്ട മുദ്രാവാക്യം വിളിക്കൊടുവിൽ മേയർ യോഗം പിരിച്ചുവിട്ടു. അഴിമതി അന്വേഷിക്കണമെന്നും മേയർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുകക്ഷികളും വെവ്വേറെ പ്രതിഷേധിച്ചത്. മേയറും സെക്രട്ടറിയും ഒത്തുകളിക്കുകയാണെന്നും മേയർ രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കസേരകളിലേക്ക് മടങ്ങാനും ചർച്ചകളിൽ പങ്കെടുക്കാനുംമേയർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷാംഗങ്ങൾ വഴങ്ങിയില്ല. പ്രതിപക്ഷ കൗൺസിലർമാരുടെ ബഹളം നടക്കുമ്പോഴും ഭരണപക്ഷ കൗൺസിലർമാർ സീറ്റുകളിൽ മൗനം പാലിച്ചു.
കൗൺസിലിന് മുമ്പായി മേയർ എം.കെ. വർഗീസും സ്ഥിരംസമിതി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും കോർപറേഷൻ എൻജിനീയറും ചൊവ്വാഴ്ച ബിനി ടൂറിസ്റ്റ് ഹോം സന്ദർശിച്ചു. വലിയ തെറ്റാണ് നടന്നതെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാവുമെന്നും മേയർ പറഞ്ഞു. കരാറുകാരനായ ജനീഷിനെയാണ് സംഭവത്തിൽ സംശയിക്കുന്നത്. രാഷ്ട്രീയം നോക്കാത്ത നടപടിവരുമെന്നും മേയർ അറിയിച്ചു.
തൃശൂർ: കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം കൗൺസിലിന്റെ അറിവും അനുമതിയുമില്ലാതെ പൊളിച്ചത് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് പൊലീസിന് പരാതി. കോൺഗ്രസ് കൗൺസിലർ എ.കെ. സുരേഷ് ആണ് കമീഷണർക്ക് പരാതി നൽകിയത്. ഇതോടൊപ്പം നഗരസഭ ചട്ടമനുസരിച്ച് നഗരസഭ ആസ്തികളുടെ കസ്റ്റോഡിയൻ സെക്രട്ടറിയാണെന്നിരിക്കെ അനധികൃതമായി കെട്ടിടം പൊളിച്ചതിൽ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. കെട്ടിടം പൊളിച്ചതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നും കോർപറേഷനും പൊലീസും നഗരപരിധിയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾകൂടി ഉൾപ്പെടുത്തി നടപടിയെടുക്കണമെന്നാണ് പൊലീസിന് നൽകിയിട്ടുള്ള പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.