തൃശൂർ: അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ സംഘടന പ്രതിസന്ധി ചർച്ച ചെയ്യുന്നു. ശനിയാഴ്ച ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ പ്രധാന അജണ്ട സമകാലിക വിഷയങ്ങൾ തന്നെയാണ്. നേരത്തേ പാർട്ടിക്ക് ലഭിച്ച പരാതികളിൽ നടപടിയെടുത്തതിന്റെ റിപ്പോർട്ടിങ്ങും വിവിധ കമീഷൻ റിപ്പോർട്ടുകളും പരിഗണിക്കുന്നുണ്ട്.
ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയായിരുന്ന എൻ.വി. വൈശാഖനെ പദവിയിൽനിന്ന് നീക്കിയശേഷം പുതിയ സെക്രട്ടറിയെ നിയമിക്കുന്നതടക്കം ശനിയാഴ്ചയിലെ യോഗത്തിലുണ്ട്. ആഗസ്റ്റ് 15ന് ഫ്രീഡം സ്ട്രീറ്റ് കാമ്പയിൻ ജില്ലയിൽ സെക്രട്ടറിയില്ലാതെയാണ് സംഘടിപ്പിച്ചത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ മുതൽ പ്രാദേശിക നേതാക്കൾ വരെ ഉൾപ്പെട്ട് പാർട്ടിയാകെ പ്രതിക്കൂട്ടിലായിരിക്കെയും ദിനേനെ കൂടുതൽ കുരുക്കിലാവുന്ന വിവരങ്ങൾ പുറത്തുവരുകയും പ്രവർത്തകരിൽനിന്നടക്കം കടുത്ത അതൃപ്തി പരസ്യമായി പ്രകടമായും തുടങ്ങുന്നുവെന്ന് നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.
ഇതോടൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ, ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും നേതൃത്വത്തിലുള്ള മണ്ഡലതല പര്യടന പരിപാടികളടക്കം വരുന്നുണ്ട്. പക്ഷേ, എല്ലാറ്റിനും പ്രതിസന്ധി കരുവന്നൂർ ബാങ്ക് തട്ടിപ്പും കള്ളപ്പണ ഇടപാടും ഇ.ഡിയുടെ അന്വേഷണമുണ്ടാക്കിയ വാർത്ത അലയൊലിയുമാണ്. ഇതാണ് ഗൗരവകരമായി വിഷയത്തിൽ സംഘടന പ്രതിസന്ധിയെന്ന നിലയിൽ ചർച്ച ചെയ്യുന്നത്.
പാർട്ടിക്ക് ലഭിച്ച പരാതിയിൽ നേതൃത്വം ശരിയായ രീതിയിൽ പരിശോധിച്ച് പരിഹാരമുണ്ടാക്കിയില്ലെന്നും നേതാക്കൾതന്നെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുവെന്നുമുള്ള ഗൗരവകരമായ ആക്ഷേപമാണ് നിലനിൽക്കുന്നത്. ഇപ്പോഴത്തെ പ്രതിരോധം ദുർബലമാണെന്ന് നേതാക്കൾതന്നെ പറയുന്നുണ്ട്. യോഗത്തിൽ ഇതടക്കം ചർച്ചചെയ്യും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കണ്‍വീനറുമായിരുന്ന അഴീക്കോടന്‍ രാഘവന് കൊലചെയ്യപ്പെട്ടിട്ട് ശനിയാഴ്ചയിലേക്ക് 51 വര്‍ഷം പൂർത്തിയാകും. ശനിയാഴ്ച തൃശൂരിൽ അഴീക്കോടൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് എം.വി. ഗോവിന്ദനാണ്. കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ കെ. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു തുടങ്ങിയവര്‍ സംസാരിക്കും.
രാവിലെ എട്ടിന് ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ പതാക ഉയര്‍ത്തിയശേഷം ഓഫിസില്‍നിന്ന് പ്രകടനമായി അഴീക്കോടന്‍ കുത്തേറ്റുവീണ ചെട്ടിയങ്ങാടിയില്‍ പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. രാവിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാകകള്‍ ഉയര്‍ത്തും.
നഗരത്തില്‍ ഉച്ചതിരിഞ്ഞ് 2.30ന് റെഡ് വളന്റിയര്‍ മാര്‍ച്ചും വൈകീട്ട് നാലിന് ബഹുജന റാലിയും അഞ്ചിന് പൊതുസമ്മേളനവും നടക്കും. കരുവന്നൂരിനെ മുൻനിർത്തി കോൺഗ്രസും ബി.ജെ.പിയും ഉയർത്തുന്ന രാഷ്ട്രീയ നീക്കത്തിനെതിരെയുള്ള മറുപടിയും എം.വി. ഗോവിന്ദനിൽനിന്നുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.