തൃശൂർ: വാക്സിൻ ലഭിക്കാൻ വൈകുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. രണ്ടാം ഡോസ് ലഭിക്കാൻ സമയമായതോടെയാണ് ജനം കോവിൻ ആപ് നോക്കിമടുത്ത് പരാതിയുമായി പരക്കംപായുന്നത്. വാക്സിൻ കേന്ദ്രങ്ങളിൽ ദിനവുമെത്തി മടങ്ങുന്നവരും ഏറെയാണ്. ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ നിരന്തരം പരാതിയുമായെത്തിയവരോട് സമാധാനം പറഞ്ഞ് മടുത്ത അവസ്ഥയിലാണ്.
നിലവിൽ ജില്ലയിൽ എത്തിയ വാക്സിനിൽ 20 ശതമാനം മാത്രമാണ് കോവിൻ പോർട്ടൽ വഴി ബുക്ക് ചെയ്യാൻ നൽകുന്നത്. ബാക്കി 80 ശതമാനം ആർ.ആർ.ടി-തദ്ദേശ പ്രതിനിധികൾ വഴിയാണ് നൽകുന്നത്. അവർ നൽകുന്ന മുൻഗണന പട്ടിക അനുസരിച്ചാണ് വാക്സിൻ നൽകുന്നത്. എന്നാൽ, അവരിൽനിന്ന് പ്രതികരണം ലഭിക്കാതെ വരുന്നവർ പരിഭ്രാന്തി പൂണ്ടാണ് വാക്സിന് വേണ്ടി പല വഴികളും തേടുന്നത്. ശനിയാഴ്ച മുതൽ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ വിതരണം തുടങ്ങിയതോടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരക്കുകൂടി നിൽക്കുന്ന പ്രവണതയുണ്ടായി. മണിക്കൂറുകൾ വരിനിന്നാണ് വാക്സിൻ ലഭിച്ചത്. ഞായറാഴ്ചത്തെ വാക്സിൻ വിതരണ ബുക്കിങ്ങും സ്വകാര്യ ആശുപത്രികൾ ശനിയാഴ്ച ഉച്ചയോടെ തന്നെ േക്വാട്ട തീർന്നതോടെ അവസാനിപ്പിച്ചു.
അതേസമയം, കോവിഷീൽഡിെൻറ രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയം 16 ആഴ്ച വരെയുണ്ടെന്നും പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ആദ്യ ഡോസ് സ്വീകരിച്ച് 84 മുതല്‍ 112 ദിവസത്തിനകമാണ് (12-16 ആഴ്ച) സ്വീകരിക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച് 12ാം ആഴ്ച മുതല്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കാൻ വൈകിയെന്ന ആശങ്കയോടെ വാക്സിന് വേണ്ടി ജനം പരക്കം പായേണ്ട കാര്യമില്ലെന്ന് ഡി.എം.ഒ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. വാക്സിന് വേണ്ടി രജിസ്ട്രേഷനെടുത്ത ആപ്പിൽനിന്ന് 82ാം ദിവസം മുതല്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയമായി എന്ന് ഓർമിപ്പിക്കുന്ന സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചുതുടങ്ങും. എന്നാല്‍, രണ്ടാം ഡോസ് വാക്സിന് 84 ദിവസം കഴിയുന്ന ദിവസം തന്നെ സ്വീകരിക്കേണ്ടതില്ല.
ആദ്യ ഡോസിനുശേഷം 112 ദിവസത്തിനകം സ്വീകരിച്ചാല്‍ മതിയാകും എന്നതിനാല്‍ ഫോണില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയം വൈകിയോ എന്ന് ഭയപ്പെട്ട് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഫോണ്‍ വിളിക്കേണ്ട ആവശ്യമില്ല. വാക്സിന് ലഭ്യത അനുസരിച്ച് ഘട്ടം ഘട്ടമായി മുഴുവന്‍ പേര്‍ക്കും രണ്ടാം ഡോസ് എടുക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.