വാഴാനിയിൽ അവശനായ കുട്ടിക്കൊമ്പന്റെ നില അതീവ ഗുരുതരം

വടക്കാഞ്ചേരി: വാഴാനി റിസർവോയറിന്റെ തീരത്ത് പരിക്കേറ്റ് അവശനായി കണ്ടെത്തിയ 16 വയസ്സുകാരൻ കുട്ടിക്കൊമ്പന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഒരാഴ്ചയായി വനംവകുപ്പിന്റെയും വെറ്ററിനറി ഡോക്ടർമാരുടെയും നിരീക്ഷണത്തിലായിരുന്ന ആന ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണ്.

ഒരാഴ്ച മുൻപ് ആനയെ മയക്കുവെടി വെച്ച് വ്രണങ്ങളിൽ മരുന്ന് വെച്ച് കെട്ടുകയും ആന്റിബയോട്ടിക്കുകൾ നൽകുകയും ചെയ്തിരുന്നു. ചികിത്സയ്ക്ക് ശേഷം ആന ആരോഗ്യവാനാണെന്നും കാട്ടിലേക്ക് മടങ്ങുമെന്നും അധികൃതർ അവകാശപ്പെട്ടിരുന്നെങ്കിലും, പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ആന വീണ്ടും ഡാമിന്റെ തീരത്ത് തളർന്നു നിൽക്കുകയാണ്.

ആനയുടെ ശരീരത്തിലെ വ്രണങ്ങൾ വീണ്ടും പഴുത്തൊലിക്കുന്നതായും അണുബാധ ആന്തരികാവയവങ്ങളെ ബാധിച്ചതായും സംശയമുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ സ്ഥലത്ത് തന്നെ അനക്കമില്ലാതെ നിൽക്കുന്ന കുട്ടി കൊമ്പൻ തീറ്റ എടുക്കാൻ പോലും കഴിയാത്ത വിധം അവശനാണ്. മറ്റ് ആനകളുടെ കുത്തേറ്റുണ്ടായ ആഴത്തിലുള്ള മുറിവുകൾ കരിയാത്തതാണ് ആനയെ മരണവക്കിലെത്തിച്ചിരിക്കുന്നത്. ചികിത്സ പാതിവഴിയിൽ ഉപേക്ഷിച്ചതാണ് ആനയുടെ നില വഷളാക്കിയതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.

ഈ സാഹചര്യത്തിൽ ആനയെ ഇനിയും കാട്ടിലേക്ക് വിടുന്നത് ആത്മഹത്യാപരമാണെന്നും വാഴാനി ഡാമിന് പരിസരത്ത് ഉടൻ തന്നെ താത്കാലിക കൂട് നിർമ്മിച്ച് വിദഗ്ധ ചികിത്സയും പോഷകാഹാരവും നൽകണമെന്നും ‘ജനനി’ പോലുള്ള സംഘടനകൾ ആവശ്യപ്പെടുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഈ കുട്ടി കൊമ്പന്റെ ജീവൻ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Tags:    
News Summary - Baby elephant in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.