ഇ​വ​നാ​വു​മ്പോ​ൾ ഇ​ട​യി​ല്ല​ല്ലോ...? തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ‘മ്മ് ​ട പൂ​രം’ ആ​ഘോ​ഷ പ​രി​പാ​ടി​ക്ക് ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ന് ഡി.​എ​ഫ്.​ഒ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഘാ​ട​ക​ർ എ​ത്തി​ച്ച ഫൈ​ബ​ർ ആ​ന​യെ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ക്കു​ന്നു - അ​ഷ്ക​ർ ഒ​രു​മ​ന​യൂ​ർ

ഫൈബർ ആനയെ എഴുന്നള്ളിച്ച് കോർപറേഷൻ 'മ്മ്ടെ പൂരം'

തൃശൂർ: പൂര വിളംബരമറിയിച്ചുള്ള കോർപറേഷന്‍റെ 'മ്മ്ടെ പൂരം' ആഘോഷത്തിന് ആനവിലക്ക്. ഫൈബർ ആനയെ നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിച്ച് പൂരം ആഘോഷിച്ചു.

തൃശൂര്‍ പൂരത്തിനെ വരവേല്‍ക്കുന്നതിനായി പൂരവിളംബരമായി തീരുമാനിച്ചായിരുന്നു കോർപറേഷൻ 'മ്മ്ടെ പൂരം' തീരുമാനിച്ചിരുന്നത്. പൂരം തിരക്കുകളിലാവുന്നതിനാൽ പൂരം ആഘോഷിക്കാൻ കഴിയാറില്ലെന്ന് പരാതി ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം തൃശൂർ പൂരം ഒരുക്കങ്ങൾ വിലയിരുത്തുന്നതിനിടെ കൗൺസിലർമാരുടെ യോഗത്തിൽ ഇക്കാര്യം ഉയർന്നപ്പോൾ ആനയും മേളവുമൊക്കെയായി കോർപറേഷൻ പൂരം ആഘോഷിക്കുമെന്ന് മേയർ പ്രഖ്യാപിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് ഇതുമായി ബന്ധപ്പെട്ട് മേയറുടെ ഔദ്യോഗിക പേജിൽ അറിയിപ്പ് നൽകിയതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. കേന്ദ്ര മൃഗക്ഷേമ ബോർഡ് അംഗമടക്കം പരാതിയുമായി കലക്ടറെ സമീപിച്ചു.

സർക്കാർ ഉത്തരവനുസരിച്ച് പുതിയ പൂരങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ ഉപയോഗിക്കരുതെന്ന നിർദേശമുള്ളതും അറിയിക്കുകയായിരുന്നു. ആനയെ എഴുന്നള്ളിക്കാനാവില്ലെന്ന് വനംവകുപ്പും ജില്ല ഭരണകൂടവും കോർപറേഷനെ അറിയിച്ചു.

ഇതിനിടയിൽ കോർപറേഷനിലെ മുൻ കൗൺസിലർ കൂടിയായ മഹേഷിന്‍റെയടക്കം ആനകളെ കോർപറേഷൻ പരിസരത്ത് എത്തിച്ചിരുന്നു. ആനയെ എഴുന്നള്ളിക്കാനാവില്ലെന്ന് അറിയിച്ചതോടെ ആനകളെ പിന്നീട് ഇവിടെ നിന്നു കൊണ്ടുപോയി. ആനയില്ലാതെയെന്ത് പൂരമെന്ന് ചർച്ച ഉയർന്നതോടെ പുല്ലഴിയിൽ നിന്നും ഫൈബർ ആനയെ എത്തിച്ചു. നെറ്റിപ്പട്ടം കെട്ടി മേളമൊരുക്കി പട്ടുകുടകളുമായി വിളംബര ഘോഷയാത്ര നടത്തി. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും ചേര്‍ന്ന് വിളംബര ഘോഷയാത്ര നടത്തി. കൗൺസിലർമാർക്കും ജീവനക്കാർക്കും കസവ് വസ്ത്രങ്ങളും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

മേയര്‍ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, ചെട്ടിയങ്ങാടി പള്ളി ഇമാം ഇബ്രാഹിം ഫലാഹി, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ പ്രതിനിധി സ്വാമി നന്ദാത്മജാനന്ദ തുടങ്ങിയവർ പങ്കെടുത്തു. അതേസമയം, പരിപാടിയിൽ കോൺഗ്രസ് കൗൺസിലർമാർ പങ്കെടുത്തില്ല. കോർപറേഷന്റെ സമാന്തരപൂരം പ്ലാസ്റ്റിക് ആനയെ വെച്ച് നടത്തിയത് തൃശൂർ പൂരത്തിനോടുള്ള അവഹേളനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു.

പൂരത്തിന്‍റെ പേരിൽ ചെലവിട്ട ലക്ഷക്കണക്കിന് രൂപ എവിടെനിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും രാജൻ പല്ലൻ ആവശ്യപ്പെട്ടു. 10 ദിവസമായി മേയറുടെ ചേംബറിനു മുന്നിൽ കൗൺസിലർമാരുടെ സമരം രാജൻ പല്ലൻ ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - Corporation's mmde pooram celebration with fiber elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.