തൃശൂർ: തെരഞ്ഞെടുപ്പ് കാലം വരെ മുന്നണികളുടെയും പാർട്ടികളുടെയും ആയുധമായിരുന്ന വടക്കാഞ്ചേരി ചരൽപ്പറമ്പിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിെൻറ ഭാവി അനിശ്ചിതത്വത്തിൽ. തെരഞ്ഞെടുപ്പുകാലത്തുയർന്ന അഴിമതി ആരോപണങ്ങളും അതിലുള്ള അന്വേഷണവും സമുച്ചയ നിർമാണവും എല്ലാം മരവിച്ച് നിൽക്കുകയാണ്. കേന്ദ്ര അന്വേഷണത്തെ നേരിടാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിജിലന്‍സ് അന്വേഷണവും നിലച്ചു. ഫ്ലാറ്റിെൻറ ബലപരിശോധന റിപ്പോർട്ട് മാസങ്ങളായിട്ടും വിദഗ്ധ സമിതി നല്‍കിയിട്ടില്ല. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷിെൻറ ലോക്കറിൽനിന്ന് ഒരുകോടി രൂപ കണ്ടെത്തിയതോടെയാണ് ലൈഫ് മിഷൻ വിവാദമുയർന്നത്. വടക്കാഞ്ചേരി എം.എൽ.എയായിരുന്ന അനിൽ അക്കരയാണ് ആരോപണവുമായി രംഗത്തുവന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ കമീഷൻ തുകയാണ് ലോക്കറിൽനിന്ന് പിടിച്ചെടുത്തതെന്നായിരുന്നു ആരോപണം. സി.ബി.ഐക്കും അനിൽ അക്കര പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നായിരുന്നു ആക്ഷേപം.
കഴിഞ്ഞ സർക്കാറിനെതിരെയുള്ള യു.ഡി.എഫിെൻറ അവിശ്വാസ പ്രമേയത്തിലെ ഒരു വിഷയവും ഇതായിരുന്നു. യൂനിടാക് എം.ഡി സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തപ്പോൾ കരാര്‍ തുകയില്‍നിന്ന് നാലരകോടി കമീഷന് നല്‍കിയെന്ന് വിജിലന്‍സ് കണ്ടെത്തി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തു. അടുത്തദിവസം ജാമ്യത്തിലിറങ്ങിയ സന്തോഷ് ഈപ്പൻ വാർത്തസമ്മേളനത്തിൽ കാര്യങ്ങൾ പറയുമെന്നറിയിച്ചെങ്കിലും ഉണ്ടായില്ല. ലൈഫ് മിഷന് സി.ഇ.ഒയായിരുന്ന യു.വി. ജോസിനേയും ചോദ്യംചെയ്ത ശേഷമാണ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് സമുച്ചയത്തിെൻറ ബലപരിശോധനയിലേക്ക് കടന്നത്. വിജിലന്‍സ് എം. ശിവശങ്കറുള്പ്പെടെ എട്ടുപേരെ പ്രതികളാക്കി എഫ്.ഐ.ആര് സമര്‍പ്പിച്ചു.
തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പിൽ ലൈഫ് മിഷൻ അഴിമതിയുമായി യു.ഡി.എഫും ബി.ജെ.പിയും, വീട് മുടക്കിയെന്ന ആരോപണവുമായി ഇടതുമുന്നണിയും രംഗത്തിറങ്ങി. 2016ൽ 47 വോട്ടിന് വിജയിച്ച അനിൽ അക്കരക്ക് 2021ൽ 15,000 വോട്ടിനാണ് തോൽവി നേരിട്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാർട്ടികളുടെ ആവേശം കെട്ടടങ്ങി. ഫ്ലാറ്റിെൻറ ബലക്ഷയം അറിയണമെങ്കില്‍ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വേണമെന്നും ആറ് മാസത്തിലധികമായിട്ടും ഇത് ലഭിച്ചിട്ടില്ലെന്നുമാണ് വിജിലന്‍സ് നിലപാട്. ലൈഫിൽ വീട് പ്രതീക്ഷിച്ചവർക്കാണ് ഇതെല്ലാം തിരിച്ചടിയായത്. എല്ലാവരും കൈയൊഴിഞ്ഞതോടെ അനാഥമായി കിടക്കുകയാണ് ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം. ദിവസങ്ങൾക്ക് മുമ്പ് കെട്ടിട ഭിത്തിയും ചില്ലുകളും തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.