തൃശൂർ: കുതിരാൻ തുരങ്കനിർമാണം വൈകിയത് സംബന്ധിച്ച് കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ നോട്ടീസ്. ഇരട്ടക്കുഴൽ തുരങ്കങ്ങളിലൊന്നിൽ ‘ഗ്യാൻട്രി കോൺക്രീറ്റി’ടൽ ആരംഭിക്കാൻ വൈകിയത് കാണിച്ചാണ് നോട്ടീസ്. പാലക്കാട്ടുനിന്ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിലെ തുരങ്കത്തിൽ കോൺക്രീറ്റ് ഇടാത്തതിനാണ് നടപടി.
തുരങ്കത്തിന്റെ മുകൾഭാഗം ബലപ്പെടുത്താൻ ഉരുക്കുപാളികൾ ഘടിപ്പിച്ച് 30 ഇഞ്ച് കനത്തിൽ കോൺക്രീറ്റിടൽ നടത്തുന്ന രീതിയാണ് ഗ്യാൻട്രി കോൺക്രീറ്റിടൽ. ഏഴ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാനും നോട്ടീസിൽ ദേശീയപാത അതോറിറ്റി കമ്പനിയോട് നിർദേശിച്ചു.
തുരങ്കത്തിലെ ചോർച്ചക്ക് കാരണം നിർമാണത്തിലെ അപാകതയാണെന്ന് ചൂണ്ടിക്കാണിച്ച് ദേശീയപാത അതോറിറ്റിക്കും സി.ബി.ഐക്കും ഹൈകോടതിക്കും ‘നേർക്കാഴ്ച’ അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് നൽകിയ ഹരജിയിൽ അന്വേഷണത്തിലേക്ക് കടന്നിരിക്കെയാണ് ദേശീയപാത അതോറിറ്റി കരാർ കമ്പനിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
ഗ്യാൻട്രി കോൺക്രീറ്റിടൽ നടത്താത്തതാണ് തുരങ്കത്തിനുള്ളിൽ ചോർച്ചക്ക് കാരണമെന്നാണ് വിശദീകരിച്ചിരുന്നത്. ഊർന്നിറങ്ങുന്ന വെള്ളം പൈപ്പിട്ട് അഴുക്കുചാലിലേക്ക് ഒഴുക്കുകയാണ്. ഇതിനാൽ തുരങ്കത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. വെള്ളക്കെട്ട് അപകടത്തിനും കാരണമാകുന്നുണ്ട്.
അതേസമയം, പണി പൂർത്തിയാകാൻ പ്രതിസന്ധിയേറെയുണ്ടെന്നാണ് പറയുന്നത്. വഴുക്കുംപാറയിൽ തുരങ്കത്തിനോട് ചേർന്ന മേൽപാത തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമാണത്തിന്റെ പ്രവൃത്തി തുടങ്ങിയിട്ടേയുള്ളൂ. ജൂലൈ നാലിനാണ് റോഡിൽ വലിയ വിള്ളലുണ്ടായത്.
സ്ഥലം സന്ദർശിച്ച മന്ത്രി കെ. രാജൻ അടിയന്തരമായി വിളിച്ച യോഗത്തിൽ ഉടൻ പ്രവൃത്തി തുടങ്ങാൻ നിർദേശിക്കുകയും കരാർ കമ്പനിയെയും ദേശീയപാത അതോറിറ്റിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
എന്നാൽ, രണ്ടുമാസം പിന്നിട്ടിട്ടും കാര്യമായ ജോലി നടന്നിട്ടില്ല. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതിനാൽ പാലക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുതിരാൻ തുരങ്കം കടന്നാൽ തൃശൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്കുള്ള പാതയിലൂടെതന്നെയാണ് പോകുന്നത്.
ഈ പണി പൂർത്തിയാകാതെ തുരങ്കത്തിനകത്ത് നിർമാണമാരംഭിച്ചാൽ കുതിരാൻ മേഖലയിൽ ഇരുഭാഗത്തേക്കും ഒരു പാതയിലൂടെ ഗതാഗതം ക്രമീകരിക്കേണ്ടിവരും. ഇത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാവും. തുരങ്കനിർമാണം ആദ്യം ഏറ്റെടുത്തിരുന്ന കമ്പനി കുടിശ്ശിക തുക ലഭിക്കാത്തതിനെത്തുടർന്ന് കോൺക്രീറ്റിങ്ങിനുള്ള വാഹനങ്ങളും യന്ത്രസാമഗ്രികളും കടത്തിക്കൊണ്ടുപോയിരുന്നു.
വീണ്ടും നിർമാണമാരംഭിക്കണമെങ്കിൽ ഇത് തിരിച്ചുകൊണ്ടുവരുകയോ പുതിയവ സജ്ജമാക്കുകയോ വേണം. തുരങ്കത്തിലെ പ്രവൃത്തികൾ ഏഴ് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.