ദേശീയപാത നിർമാണ പ്രവർത്തനം നടക്കുന്ന അണ്ടത്തോട് സെന്ററിലെ വലിയ ഗർത്തത്തിന്റെ വക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ
പുന്നയൂർക്കുളം: യാതൊരു സുരക്ഷ സംവിധാനവുമില്ലാതെ ദേശീയപാത നിർമാണ പ്രവർത്തനത്തിനിടയിൽ അപകട ഭീഷണി ഉയർത്തുന്ന വാഹന ഗതാഗതം യാത്രക്കാരെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നു. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന അണ്ടത്തോട് സെന്ററിലാണ് മാസങ്ങളായുള്ള ദുരിതം. ഇവിടെ ദേശീയപാതയുടെ ഭാഗമായ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ പഴയ പാതയിലൂടെയാണ് വാഹന ഗതാഗതം.
മണ്ണുമാന്തി ഉപയോഗിച്ച് പഴയ റോഡരികിൽ ആഴത്തിലുള്ള കുഴിവെട്ടിയതോടെ പാതിയായ റോഡിലൂടെയാണ് വാഹനങ്ങളുടെ യാത്ര. കുഴിവെട്ടിയ ഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്ന പഴയ റോഡ് ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. റോഡിന് വിള്ളലും സംഭവിച്ചിട്ടുണ്ട്. ഇതോടെ റോഡിന്റെ മധ്യഭാഗത്ത് ബാരൽ സ്ഥാപിച്ചാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഇരു ഭാഗങ്ങളിൽനിന്ന് വാഹനങ്ങൾ കടന്നുപോകുമ്പോൾ ഏറെ അപകട സാധ്യതയാണ് ഇവിടെയുള്ളത്.
റോഡിൽ ബാരല്ലകൾ കൂടി വെച്ചതോടെ റോഡ് കൂടുതൽ ഇടുങ്ങിയിട്ടുമുണ്ട്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ബദൽ സംവിധാനം ഒരുക്കാതെയുള്ള നിർമാണ പ്രവർത്തനമാണ് നടക്കുന്നത്. വലിയ കണ്ടെയ്നർ ലോറികളും കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള യാത്ര വാഹനങ്ങളും ഈ വഴിയാണ് കടന്നുപോകുന്നത്. പഴയ റോഡിൽനിന്ന് പുതിയ റോഡിലേക്ക് കടക്കുന്നിടത്ത് സിഗ്നൽ, മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുന്നില്ലന്നുള്ള പരാതികളും വ്യാപകമാണ്. അണ്ടത്തോട് സെന്ററിറിലെ വ്യാപാരികളും ഏറെ ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.