പുലി ആക്രമിച്ചതെന്ന് സംശയിക്കുന്ന, മുഖത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ നായ്
കൊരട്ടി: ദിവസങ്ങൾക്ക് മുമ്പ് ചിറങ്ങര മംഗശ്ശേരി പ്രദേശത്ത് കണ്ട അജ്ഞാത ജീവി പുലി തന്നെയാണെന്ന് കൊരട്ടി പഞ്ചായത്ത് അടിയന്തരമായി വിളിച്ചുചേർത്ത യോഗത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുലിയെ പിടികൂടാൻ ഉടൻ കെണി സ്ഥാപിക്കുമെന്ന് വനം മന്ത്രി ശശീന്ദ്രനും അറിയിച്ചു. പുലിയുടെ സാന്നിധ്യം തിരിച്ചറിയാൻ പ്രദേശത്ത് നാല് കാമറകൾ സ്ഥാപിക്കുന്ന നടപടി തുടങ്ങിയിട്ടുണ്ട്. കെണിയൊരുക്കാനുള്ള കൂട് അടുത്ത ദിവസങ്ങളിൽ എത്തിക്കും.
ചിറങ്ങര, മംഗലശ്ശേരി, ചെറ്റാരിക്കൽ, കൊരട്ടി മേഖലകളിലെ ആരാധനാലയങ്ങളിൽ വെളുപ്പിനും രാത്രിയും നടക്കുന്ന പ്രാർഥനകൾ സുരക്ഷയെ മുൻനിർത്തി പകലിലേക്ക് മാറ്റാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകാൻ യോഗത്തിൽ തീരുമാനിച്ചു. പുലിയെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ്, ഐ.ടി ആക്ട് പ്രകാരം കേസെടുക്കാനും തീരുമാനിച്ചു. ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പട്ടിക എടുക്കാനും സ്വകാര്യ ഭൂമിയിലെ അടിക്കാടുകൾ വെട്ടാൻ അടിയന്തരമായി നോട്ടീസ് നൽകാനും തീരുമാനിച്ചു.
പൊതു ഇടങ്ങളിലെ കാടുകൾ പഞ്ചായത്ത് നേരിട്ട് നീക്കംചെയ്യും. ജനം പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഏത് അടിയന്തര സാഹചര്യം നേരിടാനും ആർ.ആർ.ടി അംഗങ്ങൾ പ്രദേശത്ത് മുഴുവൻ സമയം നിരീക്ഷണം നടത്തുന്നുണ്ടെന്നും അതിരപ്പിള്ളി ഫോറസ്റ്റ് റേഞ്ചർ ജിഷ്മ ജനാർദനൻ അറിയിച്ചു. അതിനിടെ, തിങ്കളാഴ്ച ചിറങ്ങര റെയിൽപ്പാളത്തിൽ മുഖത്ത് പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയിൽ നായെ കണ്ടെത്തിയത് ജനങ്ങളിൽ ആശങ്കയുയർത്തി. നായുടെ മുഖത്ത് കണ്ട മുറിവുകൾ പുലി ആക്രമിച്ചതിനെ തുടർന്നാകാമെന്ന നിഗമനത്തിൽ നാട്ടുകാർ വിവരം വനപാലകരെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.15നാണ് മംഗലശ്ശേരി ഭാഗത്ത് പണ്ടാരത്തിൽ ധനേഷിന്റെ വീട്ടിലെ വളർത്തുനായെ പുലി പിടിച്ചത്. പുലിയുടെ ദൃശ്യങ്ങൾ കാമറയിൽ കണ്ടെത്തിയതോടെയാണ് പ്രദേശം ഭീതിയിലായത്. കഴിഞ്ഞ നാല് ദിവസമായി പ്രദേശം ജാഗ്രതയിലാണ്. രാത്രിയായാൽ പുലിയെ ഭയന്ന് പലരും പുറത്തിറങ്ങാൻ മടിക്കുകയാണ്. യോഗത്തിൽ കൊരട്ടി പഞ്ചായത്ത് പ്രസിഡൻറ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, കൊരട്ടി സബ് ഇൻസ്പെക്ടർ സി.പി. ഷിബു, വനം വകുപ്പ് ഉദ്യോഗസ്ഥരായ ആൽബിൻ ആന്റണി, കെ.പി. അസീസ്, വില്ലേജ് ഓഫിസർ ഇൻചാർജ് പി. സജീവ്, പഞ്ചായത്ത് സെക്രട്ടറി കെ.എ. ശ്രീലത, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, പി.എസ്. സുമേഷ്, ഗ്രേസി സ്കറിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.