ചന്ദ്രന്റെ വീടിന്റെ തറക്കല്ലിടൽ സഹപാഠിയും ആത്മമിത്രവുമായ സി.എസ്. ഹൈദ്രോസ് നിർവഹിക്കുന്നു
60ാം വയസ്സിൽ ചന്ദ്രന് വീട്; തറക്കല്ലിട്ടത് ആത്മമിത്രം
ചെറുതുരുത്തി: 60ാം വയസ്സിൽ ഒരുങ്ങുന്ന ചന്ദ്രന്റെ വീടിന് തറക്കല്ലിട്ടത് ബാല്യകാല സഹപാഠിയും ഉറ്റസുഹൃത്തുമായ ഹൈദ്രോസ്. ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരാണ് ഹൈദ്രോസും ചന്ദ്രനും. നെടുമ്പുര നല്ലവരമ്പത്ത് വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ ചന്ദ്രന്റെ വീടിന്റെ തറക്കല്ലിടുന്നത് ഹൈദ്രോസുതന്നെ വേണമെന്ന് ചന്ദ്രന്റെ ആഗ്രഹമായിരുന്നു. 1978 ചെറുതുരുത്തി നിള പൂർവ വിദ്യാർഥി സംഘത്തിന്റെ പ്രസിഡന്റാണ് സി.എസ്. ഹൈദ്രോസ്. ചെറുപ്പം മുതലെ ചന്ദ്രനും ഹൈദ്രോസും ആത്മ സുഹൃത്തുക്കളാണ്. 60ാം വയസ്സിൽ എത്തി നിൽക്കുമ്പോഴും ഇവരുടെ സ്നേഹ ബന്ധത്തിന് മങ്ങലേറ്റിട്ടില്ല. ചന്ദ്രൻ ജോലിയിൽനിന്ന് വിരമിച്ച ശേഷമാണ് സ്വന്തമായൊരു വീടുവെക്കുന്നത്. ഉറ്റ സുഹൃത്തിന്റെ കൈകൾ കൊണ്ടായിരിക്കണം വീട് ഉയരേണ്ടത് എന്ന ചന്ദ്രന്റെ ആഗ്രഹമാണ് നിറവേറിയത്. ചടങ്ങിൽ പൂർവ വിദ്യാർഥി സംഘം സെക്രട്ടറി സി. വേലായുധൻ, ട്രഷറർ എം. ജയരാജൻ, മറ്റു പൂർവ വിദ്യാർഥികളായ എം.കെ. ലത്തീഫ്, വി.വി. മാത്യൂസ്, കെ.സി. കൃഷ്ണൻകുട്ടി, കെ. രവീന്ദ്രൻ, നാട്ടുകാർ, ചന്ദ്രന്റെ ബന്ധുക്കൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.