ചാഴൂർ: ആറുതവണ പഞ്ചായത്ത് അംഗമായി നാടിന്റെ സ്പന്ദനം അറിഞ്ഞുള്ള വികസന പ്രവർത്തനത്തിലും കൃഷിയിലും മുഴുകി പി.കെ. ഇബ്രാഹിം 66ാം വയസ്സിലും ജൈത്രയാത്ര തുടരുന്നു. ചാഴൂർ പഞ്ചായത്ത് ഏഴാം വാർഡ് അംഗം കോൺഗ്രസിലെ പാലിയതാഴത്ത് ഇബ്രാഹിം യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് ഇറങ്ങിയത്. പഴുവിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും ഇറങ്ങി തിരിച്ചത്.
ഇടതു ശക്തിയുള്ള ഏഴാം വാർഡിൽ 1995ൽ യു.ഡി.എഫ് സ്ഥാനാർഥിയായി കന്നിയങ്കത്തിൽ ഇബ്രാഹിം വൻവിജയം നേടി. 2000ലും ഇതേ വാർഡിൽനിന്ന് വൻ ഭൂരിപക്ഷം ലഭിച്ചു. 2005ൽ ഡി.ഐ.സി യിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ രണ്ട് വോട്ടിന് പരാജയപ്പെട്ടു. യു.ഡി.എഫിലെ സൂരജ് ആയിരുന്നു അന്ന് വിജയിച്ചത്.
സൂരജ് മരണപ്പെട്ടതോടെ മൂന്നര വർഷം കഴിഞ്ഞതോടെ നടന്ന വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫ് പക്ഷത്തുനിന്ന് മത്സരിച്ച ഇബ്രാഹിം വിജയിച്ചു. പിന്നീട് 2010, 2015, 2020 എന്നീ വർഷങ്ങളിലും ഏഴ്, പത്ത് വാർഡുകളിൽ മാറി മത്സരിച്ചിട്ടും തിളക്കമാർന്ന വിജയമാണ് നേടിയത്.
നേരത്തേ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുള്ള ഇബ്രാഹിം നിലവിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാണ്. ഭാര്യ: ബീന. മകൾ പരേതയായ യാരിഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.