കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയ കേസ്: പ്രധാന പ്രതിയും പിടിയിൽ

തൃശൂർ: ദേശീയപാതയിലെ ചെമ്പൂത്രയിൽ ഡ്രൈവറുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി മണികണ്ഠനെയാണ് (28) സിറ്റി പൊലീസിന്റെ സാഗോക്ക് സ്ക്വാഡ് തമിഴ്നാട്ടിലെ നാമക്കലിൽനിന്ന് പിടികൂടിയത്. ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

ഏപ്രിൽ ആറിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാർ പാർക്ക് ചെയ്ത് വിശ്രമിക്കുകയായിരുന്ന പാണഞ്ചേരി കരിപ്പകുന്ന് സ്വദേശിയെ ആക്രമിച്ച് പ്രതികൾ കാറുമായി കടന്നുകളയുകയായിരുന്നു. നാലര ലക്ഷം രൂപയുടെ കാറിനും മൊബൈൽ ഫോണിനും പുറമെ 40 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപ രേഖകളും കാറിലുണ്ടായിരുന്നു.

കഴിഞ്ഞ മാസം തൃശൂർ കോടതി സമുച്ചയത്തിന് മുന്നിൽ അഭിഭാഷകയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലെയും മുഖ്യസൂത്രധാരൻ മണികണ്ഠനാണ്. കവർച്ച, കൊലപാതകശ്രമം, പിടിച്ചുപറി തുടങ്ങി തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിലായി 18 കേസുകൾ ഇയാളുടെ പേരിലുണ്ട്. മോഷണക്കേസിൽ മുംബൈയിലെ കല്യാൺ ജയിലിൽ റിമാൻഡിലിരിക്കെ ജയിൽ ചാടിയിട്ടുമുണ്ട്.

കേസിലെ മറ്റു പ്രതികളായ നാഗർകോവിൽ സ്വദേശി ശെൽവൻ (36), തിരുനെൽവേലി സ്വദേശി ജയകുമാർ (22) എന്നിവരെ പുണെയിൽ നിന്നും മുംബൈയിൽ നിന്നുമായി പീച്ചി പൊലീസും സാഗോക്ക് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് എ.സി.പി സേതു, ഒല്ലൂർ എ.സി.പി തോംസൺ, പീച്ചി ഇൻസ്‌പെക്ടർ അമീർ അലി, സബ് ഇൻസ്പെക്ടർ ജിനോ പീറ്റർ എന്നിവരും സാഗോക്ക് സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Car theft case: Main suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.