ഇരിങ്ങാലക്കുടയിലെ തകർന്ന റോഡുകൾ, അലങ്കോലമായ മൈതാനം; നഗരസഭ യോഗത്തിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
ഇരിങ്ങാലക്കുട: തകർന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലിയും ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ്പിന്റെ നേതൃത്യത്തിൽ നടത്തിയ ഓണാഘോഷത്തെ തുടർന്ന് അലങ്കോലമായ മൈതാനം പൂർവസ്ഥിതിയിലാക്കാൻ നടപടികൾ സ്വീകരിക്കാത്തതിനെ ചൊല്ലിയും ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനം. ലക്ഷങ്ങൾ ചിലവഴിച്ച് ആഡംബര കാർ വാങ്ങിക്കുന്നതിനെക്കാൾ പ്രാധാന്യം റോഡിലെ കുഴികൾ അടക്കാൻ നൽകണമെന്ന് എൽ.ഡി.എഫ് അംഗം പി.വി. ശിവകുമാർ ആവശ്യപ്പെട്ടു.
മൈതാനത്തിലെ തകർന്ന പോസ്റ്റ് നന്നാക്കാനും മോശം മണ്ണ് നീക്കാനും കഴിഞ്ഞില്ലെന്നും ഓണാഘോഷത്തിന്റെ സംഘാടകർക്ക് പിഴ ചുമത്തണമെന്നും ബി.ജെ.പി അംഗം ടി.കെ. ഷാജുട്ടൻ ആവശ്യപ്പെട്ടു. ഒരു മാസം പിന്നിട്ടും മൈതാനം പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞില്ലെന്ന് എൽ.ഡി.എഫ് അംഗം കെ.എസ്. പ്രസാദും സി.സി. ഷിബിനും ചൂണ്ടിക്കാട്ടി.
81 കോടി രൂപയുടെ 545 പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതിയിൽനിന്ന് അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ടാർ വില ഉയർന്നതാണ് നിർമ്മാണം നീളാൻ കാരണമെന്നും ചെയർമാൻ വിശദീകരിച്ചു. സിസ്റ്റം ശരിയല്ലെന്നും ചിലർക്ക് പ്രത്യേക പ്രിവലേജുകൾ ലഭിക്കുന്നുണ്ടെന്നും എൽ.ഡി.എഫ് അംഗം വിഷ്ണു പ്രഭാകരൻ വിമർശിച്ചു. ഐ.സി.എൽ സ്ഥാപനത്തെ പത്ത് വർഷം കൊണ്ട് നടന്നത് നിങ്ങളല്ലേ എന്ന് ഭരണകക്ഷി അംഗം അഡ്വ. വി.സി. വർഗീസ് ചോദിച്ചു. ഒന്നിച്ചോണം പൊന്നോണം എല്ലാവരും സംയുക്തമായിട്ടാണ് ആഘോഷിച്ചതെന്നും ഇടതുപക്ഷ നേതാക്കളായ കെ.വി. അബ്ദുൾ ഖാദറും കെ.കെ. വൽസരാജുമെല്ലാം എത്തിയതാണെന്നും ഐ.സി.എൽ സ്ഥാപനത്തിൽ നിന്നും സെക്യൂരിറ്റിയും വാടകയും ഈടാക്കിയിട്ടുണ്ടെന്നും മൈതാനത്തിന്റെ വിഷയത്തിൽ പരിശോധനകൾ നടത്തുമെന്നും ഭരണകക്ഷി അംഗത്തിന്റെ പരാമർശം ഉയർത്തിയ പ്രതിഷേധങ്ങൾക്കിടെ ചെയർമാൻ എം.പി. ജാക്സൻ മറുപടി നൽകി. വാർഡുകളിൽ വിവിധ വിഷയങ്ങളുമായി ഉദ്യോഗസ്ഥർ വരുമ്പോൾ കൗൺസിലർമാരെ അറിയിക്കണമെന്ന് എൽ.ഡി.എഫ് കൗൺസിലർ അൽഫോൺസ തോമസ് ആവശ്യപ്പെട്ടു.
നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ ഉന്നതതലയോഗം
തിരുവനന്തപുരം: അഡ്വ. തോമസ് ഉണ്ണിയാടന് എം.എല്‍.എയുടെ ആവശ്യപ്രകാരം മന്ത്രി. പി.കെ. ബഷീര്‍ വിളിച്ച ഉന്നതതല യോഗത്തില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തിയുടെ തടസ്സങ്ങള്‍ നീക്കാനും പുതിയ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി.കെ. ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് കെ.എസ്.ഡി.പി, റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, സ്പെഷല്‍ ബില്‍ഡിങ്സ്, ഇലക്ട്രിക്കല്‍, കിഫ്ബി തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടെ വകുപ്പ് തല ഉദ്യേഗസ്ഥരും പങ്കെടുത്തു.
കരുവന്നൂര്‍- കാട്ടൂര്‍ റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. കല്ലേറ്റുംകര റയില്‍വേ സ്റ്റേഷന് റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കും. നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾ ഉടന്‍ പൂര്‍ത്തീകരിക്കും.
രണ്ട് ദേശീയ പാതകള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന പോട്ട - മൂന്നുപീടിക റോഡ് നാലുവരി പാതയാക്കുന്നതിന് സി.ആർ.എഫ് ഫണ്ട് ലഭ്യമാക്കി നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും, ഇരിങ്ങാലക്കുടയില്‍ പുതിയ ബസ് സ്റ്റാൻഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ രൂപരേഖ തയ്യാറാക്കും. കെ.എസ്.ടി.പി പ്രവൃത്തികളുടെ അപാകതകളും വേഗത ഇല്ലായ്മയും എം.എല്‍.എ ചൂണ്ടി കാണിക്കുകയും അടിയന്തരമായി ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര് യോഗത്തില്‍ ഉറപ്പു നല്‍കുകയും ചെയ്തു. ഇവ ഉടന്‍ പൂര്‍ത്തികരിക്കാന്‍ നടപടി സ്വീകരിക്കും. കുടല്‍മാണിക്യം, കുട്ടന്‍കുളം നവീകരണ പ്രവര്‍ത്തികള്‍ക്ക് ഉണ്ടായ ആശങ്കകള്‍ പരിഹരിച്ച് നിര്‍മ്മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചു. ജനറല്‍ ആശുപത്രിക്ക് വടക്ക് പുതിയ മതില് കെട്ടുന്നതിനും തീരുമാനിച്ചു. ഇരിങ്ങാലക്കുട മോഡല്‍ ഹയര്‍ സെക്കന്ററി സ്തൂള്, നടവരമ്പ് ഗവണ്മെന്റ് എല്‍.പി. സ്കൂള്‍, ഇരിങ്ങാലക്കുട ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഓഡിറ്റോറിയം എന്നിവയുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചു.
കാട്ടൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണം വേഗത്തിലാരംഭിക്കാനും ആളൂര്‍ ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിടവും, ആളൂര്‍ പോളിടെക്നിക്കിന് പുതിയ കെട്ടിടവും കാലതാമസം കൂടാതെ നിർമിക്കാന്‍ തീരുമാനിച്ചു. ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിന് കെട്ടിടം നിർമിക്കും. ഇരിങ്ങാലക്കുട വെറ്റിനറി ആശുപത്രിയ്ക്ക് ആധുനിക സൗകര്യത്തോട് കൂടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കും.
ആളൂർ പഞ്ചായത്തിലെ കദളിച്ചിറയിൽ ടൂറിസം പ്രോജക്ട് നടപ്പാക്കുന്നതിന് പ്രാഥാമിക നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ചക്കരപ്പാടം, ഉപ്പുംതുരുത്തി പാലം ഉള്‍പ്പെടെ അഞ്ച് പാലങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് പ്രാരംഭ നടപടികള്‍ തുടങ്ങാന്‍ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.