വെള്ളിക്കുളങ്ങര നമ്പ്യാര്പാടത്ത് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന പാലം
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര നമ്പ്യാര്‍പാടം ഗ്രാമവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം യാഥാര്‍ഥ്യമായി. വെള്ളിക്കുളം വലിയ തോടിനു കുറുകെ പാലത്തിനായുള്ള കാത്തിരിപ്പിന് അറുതി കുറിച്ച് പുതിയ പാലം തിങ്കളാഴ്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നാടിനു സമര്‍പ്പിക്കും.
മറ്റത്തൂര്‍ പഞ്ചായത്തിലെ പത്ത്, പതിനാല് വാര്‍ഡുകളെ ബന്ധിപ്പിച്ച് വെള്ളിക്കുളം തോടിനുകുറുകെ 25 ലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മിച്ചത്. നേരത്തെ ഇവിടെ ചെറിയ നടപ്പാലം മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവശത്തും വീതിയേറിയ റോഡ് നിലവില്‍ വന്നിട്ടും പാലം വീതി കൂട്ടി പുനര്നിർമിക്കാത്തതിനാല് ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതു മൂലം കഷ്ടിച്ച് ഒരുകിലോമീറ്റര്‍ മാത്രം അകലെയുള്ള വെള്ളിക്കുളങ്ങരയിലേക്ക് നമ്പ്യാര്‍പാടം ഗ്രാമവാസികള്‍ രണ്ടരകിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചാണ് എത്തിയിരുന്നത്. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന വീതിയില്‍ നമ്പ്യാര്പാടത്ത് പാലം വേണമെന്ന് നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിയെ തുടര്‍ന്നാണ് ഇവിടെ പുതിയ പാലം അനുവദിച്ചത്. കൊടകര-വെള്ളിക്കുളങ്ങര റോഡിനെയും കോടാലി-മോനൊടി റോഡിനെയും ബന്ധിപ്പിക്കുന്ന നമ്പ്യാര്‍പാടം റോഡില്‍ പാലം വന്നതോടെ പ്രദേശവാസികള്‍ തലമുറകളായി അനുഭവിച്ചുവന്നിരുന്ന യാത്രാക്ലേശത്തിനാണ് പരിഹാരമാകുന്നത്.
2022 മേയിലാണ് പുതിയ പാലത്തിനായുള്ള പണികള്‍ ആരംഭിച്ചത്. മഴ കനത്ത് തോട്ടില്‍ വെള്ളം ഉയര്‍ന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാനും മാസം തടസ്സപ്പെട്ടു. ക്വാറി സമരം മൂലം നിര്‍മാണസാമഗ്രികള്‍ക്ക് ക്ഷാമം നേരിട്ടതും പാലം നിര്‍മാണം പൂര്‍ത്തീകരിക്കാൻ കാലതാമസം വരുത്തി. പാലത്തിന്റെ ഒരു ഭാഗത്തുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയതും നാട്ടുകാര്‍ക്ക് യാത്ര എളുപ്പമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.