ഷാരോൺ ശാലോം ശരത്ത് അലൻ വിപിൻ
മാള: ടൈൽസ് കടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. മാള കാവനാട് കുരിയാപ്പിള്ളി ഗ്രാനൈറ്റ്സ് ആൻഡ് ടൈൽസിൽ മാരകായുധങ്ങളുമായി എത്തി കടയുടമയേയും ജീവനക്കാരനേയും ആക്രമിച്ച വെള്ളിക്കുളങ്ങര കളപ്പുരക്കൽ ഷാരോൺ (29), മേക്കാടൻ ശാലോം (24), മേക്കാടൻ ശരത്ത് (26), ശൂനിപ്പറമ്പിൽ അലൻ (19), മോനടി തെക്കൂടൻ വിപിൻ (24), എന്നിവരെ മാള എസ്.എച്ച്.ഒ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം.
അതിരപ്പിള്ളിയിലെ റിസോർട്ടിന്റെ പണികൾക്ക് ടൈൽസ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികൾ ടൈൽസ് ജോലിക്കാരാണ്. അഞ്ച് പ്രതികളും മാരകായുധങ്ങളുമായി സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കടയുടമ അഖിലിനെ കമ്പിവടികൊണ്ട് ആക്രമിച്ചു. തടയാൻ ചെന്ന ജീവനക്കാരനെ കത്തിയും ഇടിക്കട്ടയും കമ്പിവടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾ കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇവർ വെള്ളിക്കുളങ്ങര സ്റ്റേഷൻ പരിധിയിൽ നിരവധി അടിപിടി കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ വി.വി വിമൽ, സി.കെ സുരേഷ്, എ.എസ്.ഐ സാജിത, ഡ്രൈവർ ആന്റോ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.