കലക്ടർ അർജുൻ പാണ്ഡ്യന് അശ്വിൻ ഛായാചിത്രം സമ്മാനിക്കുന്നു
തൃശൂർ: ബഡ്സ് സ്കൂൾ വിദ്യാർഥി അശ്വിൻ ശ്രീകുമാറിന്റെ വലിയൊരു സ്വപ്നമായിരുന്നു താൻ വരച്ച ചിത്രം കലക്ടർ അർജുൻ പാണ്ഡ്യന് നേരിട്ട് സമ്മാനിക്കണമെന്നത്. കഴിഞ്ഞ ദിവസം കലക്ടറുടെ മുന്നിലെത്തിയ താൻ വരച്ച മനോഹരമായ ഛായാചിത്രം കലക്ടർക്ക് സമ്മാനിച്ച് സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അശ്വിൻ.
ചേർപ്പ് വെളുത്തേടത്ത് വീട്ടിൽ ശ്രീകുമാറിന്റെയും ബീന ശ്രീകുമാറിന്റെയും മകനായ അശ്വിൻ ചേർപ്പ് സാന്ത്വനം ബഡ്സ് സ്കൂളിലെ പ്രീ-വൊക്കേഷനൽ വിദ്യാർഥിയാണ്. മൃഗങ്ങളെയും പ്രകൃതിയെയും വരച്ചുകൊണ്ടാണ് അശ്വിൻ ചിത്രകലയുടെ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് പോർട്രെയ്റ്റ് ചിത്രങ്ങൾ വരച്ചു തുടങ്ങി.
പെൻസിൽ ഡ്രോയിങ് കൂടാതെ മ്യൂറൽ പെയിന്റിങ്ങും വാട്ടർ കളർ പെയിന്റിങ്ങും അശ്വിന് നന്നായി വഴങ്ങും. രണ്ടുവർഷമായി കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന ജില്ല ബഡ്സ് കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിൽ ഒന്നാം സ്ഥാനം തുടർച്ചയായി നേടി. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവർക്കും മുൻ കലക്ടർ കൃഷ്ണ തേജയ്ക്കും അശ്വിൻ ഛായാചിത്രങ്ങൾ വരച്ചു നൽകിയിരുന്നു. തൃശൂർ ഭവൻസിലാണ് അശ്വിൻ ചിത്രരചന പരിശീലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.