പട്ടാളം റോഡിൽ തപാൽ വകുപ്പിനായി കോർപറേഷൻ നിർമിച്ച് നൽകിയ കെട്ടിടം

നഗരത്തിൽ 'പൊലീസ് കാവലിൽ' സാമൂഹികവിരുദ്ധർക്ക് താവളം

തൃശൂർ: പൊലീസ് ജില്ലാ മേധാവിയുടെയും ഡി.ഐ.ജിയുടെയും കാര്യാലയങ്ങളുടെ കൺമുന്നിൽ സാമൂഹികവിരുദ്ധർക്ക് സർക്കാർ ചെലവിൽ താവളം. പട്ടാളം റോഡിന്‍റെ വികസനത്തിനായി കോർപറേഷൻ ഒഴിപ്പിച്ചെടുത്തതിന് പകരമായി തപാൽ വകുപ്പിന് കൈമാറിയ കോടികൾ വിലമതിക്കുന്ന സ്ഥലവും കെട്ടിടവുമാണ് സാമൂഹികവിരുദ്ധർ താവളമാക്കിയത്.

ഉപയോഗിക്കാതെ കാടുപിടിച്ച് കിടക്കുന്ന സ്ഥലം പൊലീസ് മേധാവിമാരുടെ ഔദ്യോഗിക ഓഫിസുകൾക്ക് സമീപമായതിനാൽ സുരക്ഷിത കേന്ദ്രം കൂടിയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തിന്‌ കേന്ദ്ര സർക്കാർ ഫണ്ട്‌ അനുവദിക്കാറാണ്‌ പതിവ്‌. എന്നാൽ, കേന്ദ്ര സർക്കാർ സ്ഥാപനത്തിന്‌ കെട്ടിടമൊരുക്കി ചരിത്രം തിരുത്തിച്ചതാണ് തൃശൂർ കോർപറേഷൻ.

പട്ടാളം റോഡ് വികസനത്തിനായി പൊളിച്ചുമാറ്റിയ തൃശൂർ സ്‌പീഡ്‌ പോസ്റ്റ് ഓഫിസിന് പകരമാണ് കോർപറേഷൻ തപാൽ വകുപ്പ് നിർദേശിച്ചതനുസരിച്ചുള്ള പുതിയ കെട്ടിടം നിർമിച്ചുനൽകിയത്‌. കഴിഞ്ഞ വർഷം ഒക്ടോബറിൽ തപാൽ വകുപ്പിന് ഇത് കൈമാറി. എന്നാൽ, താൽക്കാലികമായി കഴിയാൻ കോർപറേഷൻ തന്നെ സൗകര്യമൊരുക്കികൊടുത്ത കെട്ടിടത്തിൽ ഒരു ചെലവുമില്ലാതെ കഴിഞ്ഞു കൂടുകയാണ് പോസ്റ്റ് ഓഫിസ്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് തുടങ്ങിയ പ്രവൃത്തി കഴിഞ്ഞ എൽ.ഡി.എഫ്‌ ഭരണസമിതിയുടെ കാലത്ത് യാഥാർഥ്യമായി. നാലര പതിറ്റാണ്ടിലധികം നീണ്ട തൃശൂരിന്‍റെ കാത്തിരിപ്പായിരുന്നു രാഷ്ട്രീയ ഭേദമില്ലാത്ത പ്രവർത്തനത്തിലൂടെ യാഥാർഥ്യമായത്.

പട്ടാളം റോഡിലെ ഗതാഗതക്കുരുക്ക്‌ ഒഴിവായെങ്കിലും പോസ്റ്റ് ഓഫിസ് മാറാതെ സ്ഥലം കാടുപിടിച്ച് സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി. പട്ടാളം റോഡിലെ പോസ്റ്റോഫിസ്‌ കെട്ടിടം പൊളിച്ച്‌ 16.5 സെന്റ്‌ ഭൂമിയാണ്‌ കോർപറേഷൻ ഏറ്റെടുത്തത്‌. പകരം പട്ടാളം റോഡരികിൽത്തന്നെ അത്രയും സ്ഥലം തപാൽവകുപ്പിന് കൈമാറി. ഈ സ്ഥലത്ത്‌ 89.50 ലക്ഷം ചെലവിലാണ്‌ തപാൽ വകുപ്പ്‌ നിർദേശിച്ച പ്രകാരം ഇരു നിലകളിലായി 3675 സ്‌ക്വയർഫീറ്റ്‌ കെട്ടിടം നിർമിച്ചത്‌.

കെട്ടിടനിർമാണം പൂർത്തിയാകുന്നതുവരെ പോസ്റ്റ് ഓഫിസ് പ്രവർത്തിക്കാൻ കോർപറേഷന്റെ ടി.ഡബ്ല്യു.സി ബിൽഡിങ്ങിൽ സൗജന്യ സ്ഥലവും സൗകര്യവും കോർപറേഷൻ തന്നെ ഒരുക്കിയിരുന്നു.

സ്ഥലവും കെട്ടിടവും സൗകര്യങ്ങളും ആയെങ്കിലും സൗജന്യ താമസ സ്ഥലത്തുനിന്നും തപാൽവകുപ്പ് ഒഴിയുന്ന സാഹചര്യമില്ല. പുതിയ സ്ഥലത്ത് കാടുപിടിച്ചത് ഇവിടെയുള്ള ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിലെത്തുന്ന യാത്രികരെ ഭീതിയിലാക്കുന്നു. എന്ന് മാറുമെന്നത് സംബന്ധിച്ച് കോർപറേഷനോ തപാൽവകുപ്പിന്‍റെ തൃശൂർ മേഖലാ അധികാരികൾക്കോ വിവരങ്ങളൊന്നുമില്ല. ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനിക്കണമെന്നാണ് കോർപറേഷൻ വിശദീകരണം. കേന്ദ്ര റെയിൽവേ വകുപ്പ് നിർമിക്കേണ്ടതാണെന്നിരിക്കെ പൂത്തോളിലെ റെയിൽവേ മേൽപ്പാലം നിർമിച്ചതും സ്വന്തം ഫണ്ട് ഉപയോഗിച്ച് കോർപറേഷനാണ്.

Tags:    
News Summary - Anti-social camp in the city under 'police guard'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.