തൃശൂർ: തലപ്പിള്ളി താലൂക്കില്‍ അകമലക്ക് സമീപം മണ്ണിടിച്ചില്‍ ഭീഷണിയുണ്ടായ മാരത്ത്കുന്നില്നിന്ന് മാറ്റിപ്പാര്‍പ്പിച്ച രണ്ട് കുടുംബങ്ങള്‍ക്ക് ഇനി സ്വന്തമായി ഭൂമി. എങ്കക്കാട് വില്ലേജിലെ തെക്കേപ്പുറത്ത് വീട്ടില്‍ കോമളം, സതീഷ് എന്നിവര്‍ക്ക് കലക്ടര്‍ അര്ജുന് പാണ്ഡ്യന് ഭൂമിയുടെ ആധാരവും പോക്കുവരവ് നടത്തി നികുതി അടച്ച രേഖകളും ചൊവ്വാഴ്ച കൈമാറി. എങ്കക്കാട് വില്ലേജില്‍ നാലേകാൽ സെന്റ് വീതമുള്ള ഭൂമിയുടെ രേഖകളാണ് കൈമാറിയത്. 2024 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് അകമല, മാരാത്തുകുന്ന് പ്രദേശത്ത് കലക്ടര്‍ സന്ദര്‍ശിക്കുകയും ദുരന്ത നിവാരണ അതോറിറ്റിയിലെയും ജിയോളജി, മണ്ണ് സംരക്ഷണം, ഭൂജലം എന്നീ വകുപ്പുകളിലെയും വിദഗ്ധര്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകട മേഖലയിലുള്ള രണ്ട് കുടുംബങ്ങള്‍ ഒഴികെ ബാക്കിയുള്ളവര്‍ക്ക് അവിടെ താമസം തുടരാമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് അപകട മേഖലയിലുള്ള രണ്ട് കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ജില്ല ഭരണകൂടം ആരംഭിച്ചു. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കുകയും പ്രതിമാസ വാടക ചിലവുകള്‍ വഹിക്കാന്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയെ ജില്ല ദുരന്ത നിവാരണ അതോറ്റിറ്റി ചുമതലപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ഈ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി വാങ്ങാൻ ആറ് ലക്ഷം രൂപയും വീട് പണിയാൻ നാല് ലക്ഷം രൂപയും അനുവദിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വീടുപണിയാനുള്ള നാലു ലക്ഷം രൂപയില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ബാക്കി സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ലഭ്യമാക്കുക. ത്വരിത ഗതിയില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഭൂമിയുടെ രേഖകള്‍ കൈമാറിയത്. ചടങ്ങില്‍ സബ് കലക്ടര്‍ അഖില്‍ വി. മേനോന്, ഡപ്യൂട്ടി കലക്ടര്‍ (ഡി.എം) സി.എസ്. സ്മിതാ റാണി, തലപ്പിള്ളി തഹസില്‍ദാര്‍ എം.ആര്. രാജേഷ്, എങ്കക്കാട് വില്ലേജ് ഓഫിസര്‍ കെ.ബി. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.