കൊടകര ടൗണില്‍ കാനകളുടെ സ്ലാബ് നീക്കി വൃത്തിയാക്കുന്നു

കൊടകര ടൗണിലെ കാനയിലേക്ക് മാലിന്യമൊഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

കൊടകര: ടൗണിലെ കാനകളിലേക്ക് മലിന്യം തള്ളുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി കൊടകര ഗ്രാമപഞ്ചായത്ത്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൗണിലെ കാനകള്‍ വൃത്തിയാക്കുന്നതിനിടെ കാനകളിലേക്ക് മാലിന്യം തള്ളിയതായി കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ പഞ്ചായത്ത് നടപടിയെടുത്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് കൊടകര ടൗണിലെ കാനകള്‍ തുറന്ന് വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. താലൂക്ക് വികസന സമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ടൗണിലെ കാനകള്‍ ശുചീകരിക്കാന്‍ നടപടിയുണ്ടായത്. പൊതുമരാമത്ത് വകുപ്പാണ് ഈ പ്രവൃത്തി നടത്തേണ്ടതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.

സ്‌കൂള്‍ തുറക്കുന്ന സമയമായതിനാല്‍ പകല്‍ സമയത്ത് കാനകളുടെ കോണ്‍ക്രീറ്റ് സ്ലാബ് നീക്കി ശുചീകരണം നടത്തുന്നത് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കണക്കിലെടുത്ത് രാത്രിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശുചീകരണം നടത്തിയത്. വ്യാപാരി സംഘടനകളുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഇത് നടന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റു ജനപ്രതിനിധികളുടേയും മേല്‍നോട്ടത്തില്‍ രാത്രി രണ്ടുമണി വരെ കാനകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ചില ഭക്ഷണശാലകളില്‍ നിന്നുള്ള മാലിന്യം പൈപ്പു വഴി കാനകളിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയത്. കാനയിലേക്ക് മാലിന്യം തള്ളിയതായി കണ്ടെത്തിയ നാലു സ്ഥാപനങ്ങള്‍ക്ക്  അരലക്ഷം രൂപ വീതം പിഴയടക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി അറിയിച്ചു.

Tags:    
News Summary - Action against establishments that dumped waste into the canal in Kodakara town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.