നടത്തറയിൽ സ്വതന്ത്രന്മാരില്ലാത്ത ത്രികോണ മത്സരം

നടത്തറ: കഴിഞ്ഞ രണ്ട് ടേമിലും ഇടതുപക്ഷം ഭരിച്ച നടത്തറയില്‍ ഇത്തവണ എന്‍.ഡി.എയും തങ്ങളുടെ സാന്നിധ്യം അറിയിച്ച് കൊണ്ട് എല്ലാ സീറ്റുകളിലും മത്സരിക്കുന്നു. ബി.ജെ.പിയാണ് മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ തന്നെ നിർത്തിയത്. ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റും ഇപ്പോള്‍ ബി.ജെ.പി ഏരിയ പ്രസിഡന്റുമായ സജിത ബാബുരാജും രംഗത്തുവന്നിട്ടുണ്ട്. 20 സീറ്റുകളില്‍ എല്‍.ഡി.എഫ് മത്സരിക്കുന്നു. സി.പി.ഐക്ക് മൂന്ന് സീറ്റും കേരള കോണ്‍ഗ്രസിന് ഒരു സീറ്റും 16 സിറ്റില്‍ സി.പി.എമ്മും മത്സരിക്കുന്നു. ഇപ്പോഴത്തെ നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ ബ്ലോക്ക് പഞ്ചായത്തിലാണ് മത്സരിക്കുന്നത്. ജില്ലയുടെ പച്ചക്കറി തോട്ടമായിരുന്ന നടത്തറ മലയോര മേഖലക്ക് ഇന്ന് ആ പേര് നഷ്ടമായത് പോലെയാണ്.

10 വര്‍ഷമായി എല്‍.ഡി.എഫ് ഭരിക്കുന്ന നടത്തറ പഞ്ചായത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതായാണ് പ്രസിഡന്റ് അവകാശപ്പെടുന്നത്. എല്ലാ അംഗൻവാടികള്‍ക്കും സ്വന്തം കെട്ടിടം. ലൈഫ് പദ്ധതിയിലൂടെ 350 വീടുകള്‍ നിർമിക്കുന്നു. പഞ്ചായത്തിലെ ആശാരിക്കാട് സ്‌കൂള്‍ ഉള്‍പ്പെടെ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം. പ്രഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി. സായാഹ്ന ഒ.പി ലാബ് സൗകര്യം എല്ലാം നടപ്പാക്കാന്‍ കഴിഞ്ഞു. പണ്ടാരച്ചിറയുടെയും ശ്രീധരി പാലത്തിന്റെയും നിർമാണം പൂര്‍ത്തിയായി. കൈനൂര്‍ സൂയിസ് കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. പഞ്ചായത്തില്‍ റോഡ്, വെള്ളം, വെളിച്ചം എല്ലായിടത്തും എത്തിക്കാന്‍ കഴിഞ്ഞതായും അവകാശപ്പെടുന്നു. ഇത് ഉയര്‍ത്തികാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുപക്ഷ സ്ഥാനാർഥികള്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷക്കാലം പഞ്ചായത്തില്‍ മുരടിപ്പിന്റെ കാലഘട്ടമായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എം.എല്‍.എ വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളല്ലാതെ പഞ്ചായത്തിന്റെതായ ഒരു വികസനവും നടത്തിയിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിന് മുമ്പ് കോണ്‍ഗ്രസ് നടപ്പിലാക്കിയ പദ്ധതികളാണ് തങ്ങളുടെ എന്ന നിലയില്‍ ഉയര്‍ത്തി കാണിക്കുന്നത്. 30 അംഗൻവാടികള്‍ക്കും അന്ന് സ്വന്തം സ്ഥലവും കെട്ടിടവും ഉണ്ടായിരുന്നു. രണ്ട് അംഗൻവാടികള്‍ മാത്രമാണ് ഇവര്‍ക്കൊണ്ട് വന്നത് ഇതില്‍ ഒരെണത്തിനുള്ള സ്ഥലം പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്താന്‍ അനുമതി നേടിയതും കോണ്‍ഗ്രസ് ഭരണസമിതിയാണ്. രണ്ടാമത്തെ അംഗൻവാടിക്കുള്ള സ്ഥലം നല്‍കിയതും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഇതിലെ രണ്ട് കെട്ടിടങ്ങള്‍ മാത്രമാണ് ഈ ഭരണ സമിതിക്ക് അവകാശപ്പെടാനുള്ളതെന്ന് നേതാവ് രാജീവ് വ്യക്തമാക്കി. ഒന്നാം കുടിവെള്ള പദ്ധതിയും കോണ്‍ഗ്രസ് നടപ്പിലാക്കിയതാണ്. അന്ന് 2600 കണക്ഷനുകളുള്ളത് ഇന്ന് 4000 മാക്കി ഉയര്‍ത്തി.

എന്നാല്‍, രണ്ടാംഘട്ട പദ്ധതി നടപ്പാക്കന്‍ ഒരു നടപടിയും ഭരണ സമിതി എടുത്തിട്ടില്ല. കേന്ദ്രത്തിന്റെ വിഹിതം അനുവദിച്ചിട്ടും പഞ്ചയത്തിന്റെ വിഹിതമായ 15 ശതമാനം എടുക്കാന്‍ കഴിയാതെ പദ്ധതി എങ്ങു എത്താതെ കിടക്കുകയാണെന്ന് ആരോപിക്കുന്നു. കുടുംബശ്രീയെ നോക്കുകുത്തിയാക്കി ഇടത് യോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാവകളാക്കി മാറ്റിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പത്തുവര്‍ഷം മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സജിത ബാബുവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി മത്സര രംഗത്ത് സജീവമാണ്. 20 ബി.ജെ.പി സ്ഥാനർഥികളെ തന്നെ കണ്ടെത്തിനിർത്താന്‍ കഴിഞ്ഞത് നേട്ടമായി കാണുന്നു.

തന്റെ ഭരണക്കാലത്തെ വികസനങ്ങളാണ് ഇന്നും പഞ്ചായത്തില്‍ എടുത്ത് പറയാവുന്നതായി ഉള്ളൂവെന്ന് സജിത വാദിക്കുന്നു. 300 കുടുംബശ്രീ യൂനിറ്റുകളുടെ സ്ഥാനത്ത് 150 യൂനിറ്റുകളായി ചുരുങ്ങി. കാര്‍ഷിക രംഗത്ത് നടത്തറക്ക് ഉണ്ടായിരുന്ന മുന്നേറ്റം ഇന്ന് ഇല്ലാതായി. പഞ്ചയത്തിന്റെ ഒരു കോടി നാൽപത് ലക്ഷം രൂപ സഹകരണ ബാങ്കില്‍ നിക്ഷപിച്ചത് തിരിച്ചെടുക്കാന്‍ കഴിയാതെയായി. ഇതെല്ലാമാണ് ഭരണമുരടിപ്പിന്ന് കാരണം എന്ന് സജിത പറയുന്നു. ഒരു സ്വതന്ത്ര സ്ഥാനർഥി മാത്രം മത്സര രംഗത്തുള്ള നടത്തറയില്‍ ത്രികോണ മത്സരം ശക്തമായിരിക്കും ആര് നേടും എന്നോ ആര് വീഴുമോന്നോ ഇനിയും പറയാന്‍ കഴിയാത്ത സ്ഥിതിയിലാണ് മത്സരം. 

Tags:    
News Summary - A triangular contest without independent candidates in the election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.