കേച്ചേരി: രോഗിയുമായി പോകുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് 12കാരൻ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ആംബുലൻസിലെ യാത്രക്കാരായ എളവള്ളി സ്വദേശികളായ പുഴങ്ങരയില്ലത്ത് അബ്ദുൽ റഹ്മാന്റെ ഭാര്യ ഹൈറുന്നീസ (60), മകൻ ഷെജീർ (35), ഭാര്യ മുഫീദ (22), ആംബുലൻസ് ഡ്രൈവർ ചൊവ്വന്നൂർ സ്വദേശി കണ്ണനായ്ക്കൽ ക്ലിന്റൺ (29), കാർ യാത്രക്കാരായ പാഞ്ഞാൾ വെള്ളാണ്ടത്ത് വിനോദിന്റെ ഭാര്യ ശരണ്യ (32), മകൻ ആദിനാഥ് (12) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വ്യാഴാഴ്ച വൈകീട്ട് 4.30ഓടെ മഴുവഞ്ചേരി ഫാർമസി കോളജിന് സമീപമായിരുന്നു അപകടം.
കുന്നംകുളം താലൂക്ക് ആശുപത്രിയിൽനിന്ന് രോഗിയായ മുഫീദയുമായി പോയിരുന്ന 108 ആംബുലൻസാണ് അപകടത്തിൽപെട്ടത്. മുന്നിൽ പോയിരുന്ന സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻ ഭാഗം തകർന്നു. അപകടത്തെത്തുടർന്ന് തൃശൂർ-കുന്നംകുളം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.