തൃശൂരിൽ ഉൾപ്പെടെ 14 കേന്ദ്രങ്ങളിൽ മഹാശോഭായാത്ര തൃശൂർ: ശ്രീകൃഷ്ണ ജയന്തി ദിനമായ വ്യാഴാഴ്ച ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയിൽ ജില്ലയിൽ 20,000ഓളം കൃഷ്ണവേഷക്കാർ ഇറങ്ങുമെന്ന് ജില്ല ആഘോഷ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, ഗുരുവായൂർ സമിതികളുടെ നേതൃത്വത്തിൽ 900 ശോഭായാത്രകൾ നടത്തും. വൈകീട്ട് 3.30ന് ആരംഭിക്കും. തൃശൂരിനും ഗുരുവായൂരിനും പുറമെ ചാലക്കുടി, അന്നമനട, കൊടകര, വരന്തരപ്പിള്ളി, മണ്ണുത്തി, കൊടുങ്ങല്ലൂർ, പെരിഞ്ഞനം, പുന്നയൂർക്കുളം, തൃപ്രയാർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിൽ മഹാശോഭായാത്രകൾ ഒരുക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ശോഭായാത്ര നടക്കുന്നത്. 'സ്വതം വീണ്ടെടുക്കാം സ്വധ്വർമാചരണത്തിലൂടെ' എന്നതാണ് ഇത്തവണത്തെ സന്ദേശം. ശോഭായാത്രയിൽ പ്ലോട്ട്, ഗോപികാനൃത്തം, ഉറിയടി എന്നിവയുമുണ്ടാകും. തൃശൂർ നഗരത്തിൽ 22 സ്ഥലങ്ങളിൽനിന്നുള്ള യാത്രകൾ പാറമേക്കാവിന് മുന്നിൽ സംഗമിച്ച് നഗരം ചുറ്റി വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിക്കും. ഇതിൽ 3000 കൃഷ്ണവേഷക്കാർ പങ്കെടുക്കും. ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ ആർ. സുധാകുമാരി പങ്കെടുക്കും. 200 കേന്ദ്രങ്ങളിലാണ് ജില്ലയിലെ ശോഭായാത്രകൾ സംഗമിക്കുന്നത്. 100 കേന്ദ്രങ്ങളിൽ ഗോപൂജയും വീടുകളിൽ കണ്ണനൂട്ടും ചിത്രരചന മത്സര വിജയികൾക്ക് സമ്മാനദാനവും വ്യാഴാഴ്ച നടക്കും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി പി.ജി. ഷമ്മി, ജോയന്‍റ് സെക്രട്ടറി പി.കെ. ശിവദാസ്, ട്രഷറർ വി.എൻ. ഹരി, പ്രീത ചന്ദ്രൻ, കെ.എസ്. നാരായണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.