കാലിക്കറ്റിൽ ഇത്തവണയും 20 ശതമാനം സീറ്റുകൾ വർധിക്കും

കോഴിക്കോട്​: പുതിയ അധ്യയന വര്‍ഷം ബിരുദ, പി.ജി സീറ്റുകളില്‍ 20 ശതമാനം വരെ ആനുപാതിക വര്‍ധനക്ക് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗ തീരുമാനം. അടിസ്ഥാന സൗകര്യങ്ങളുള്ള കോളജുകളില്‍ പരമാവധി സീറ്റുകളില്‍ പ്രവേശനം അനുവദിക്കും. ദേശീയപാതയില്‍നിന്ന് സര്‍വകലാശാല ഭരണകാര്യാലയത്തിലേക്ക് വീതിയേറിയ പുതിയ പാത നിര്‍മിച്ചു നല്‍കാമെന്ന് ആറുവരിപ്പാത നിര്‍മാണ കമ്പനിയുടെ ശിപാര്‍ശ അംഗീകരിച്ചു. കാമ്പസിലേക്ക് പ്രവേശിക്കാന്‍ അധികമായി മേല്‍പാതയും നിര്‍മിക്കും. പകരം സർവകലാശാലയുടെ ഒമ്പത് ഏക്കർ ഭൂമി നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കുന്നതിന് ഈ കമ്പനിക്ക്​ അഞ്ചുവർഷത്തേക്ക് നൽകും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. പരിഷ്‌കരണത്തിനായി ഈമാസം തന്നെ ശിൽപശാലകള്‍ തുടങ്ങും. സര്‍വകലാശാലയുടെ ഡേറ്റ സെന്ററില്‍ ഇടയ്ക്കിടെ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ സുരക്ഷ സംവിധാനങ്ങളോടെ പുതിയ കേന്ദ്രം നിര്‍മിക്കുന്നതിന് എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. വിജ്ഞാപനവും സർക്കാർ അനുവാദവുമില്ലാതെ നിയമനം നടത്തിയതും നിയമവിരുദ്ധമാണെന്ന് യോഗത്തിൽ പ്രതിപക്ഷ അംഗം ഡോ. റഷീദ് അഹമ്മദ് വിയോജിപ്പ് രേഖപ്പെടുത്തി. പഠനകേന്ദ്രം കാര്യക്ഷമമാക്കുന്നതിനായി ജില്ലാതല പരിശോധന സമിതി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചു. തിരുവനന്തപുരത്ത്​ കാലിക്കറ്റ്​ സർവകലാശാലയുടെ ലെയ്​സൻ ഓഫിസറായി പി. മനോഹരനെ നിയമിച്ചു. വിവിധ ഓഫിസുകളിൽ യൂനിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട ഫയലുകളിൽ ആവശ്യമായ ഇടപെടലുകൾ നടത്താനാണിത്​. മറ്റു​ പ്രധാന തീരുമാനങ്ങൾ: -വിദേശ പൗരത്വം മറച്ചുവെച്ച് സര്‍വകലാശാല പഠനവകുപ്പില്‍ അസി. പ്രഫസറായി തുടരുന്ന ഡോ. ജി. രാധാകൃഷ്ണപിള്ളയെ പിരിച്ചുവിടും. -വിദേശത്ത് സര്‍വകലാശാലയുടെ വിദൂരവിഭാഗം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി നാലംഗ സമിതിയെ നിയോഗിച്ചു. നാക് എ ഗ്രേഡുള്ള സര്‍വകലാശാലകള്‍ക്ക് വിദേശത്ത് കേന്ദ്രങ്ങള്‍ തുടങ്ങാമെന്ന യു.ജി.സി നിബന്ധനയുടെ പശ്ചാത്തലത്തിലാണ് നടപടി. കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, യൂജിന്‍ മൊറേലി, ഡോ. പി. റഷീദ് അഹമ്മദ് എന്നിവരാണ് സമിതി അംഗങ്ങൾ. -സര്‍വകലാശാല കാമ്പസിലെ വനിത ഹോസ്റ്റലിന് പുതിയ നില പണിയുന്നതിന് ഒന്നരക്കോടി രൂപ അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.