തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനായി തേക്കിൻകാട് മൈതാനിയിൽ കുഴി എടുക്കുന്ന തൊഴിലാളികൾ - ടി.എച്ച്. ജദീർ
തൃശൂർ: നാടും നഗരവും കാത്തിരിക്കുന്ന വിസ്മയക്കാഴ്ചകൾക്ക് തുടക്കം കുറിച്ച് തൃശൂർ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് 20ന് കൊടിയേറ്റ് നടക്കുക. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നും ഇടയിലാണ് കൊടിയേറ്റം.
പൂജിച്ച കൊടിക്കൂറ ദേശക്കാർ ചേർന്ന് കൊടിമരത്തിൽ ഉയർത്തും. ഇതിനായുള്ള കവുങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന് പാട്ടുരായ്ക്കലിൽനിന്ന് ക്ഷേത്രത്തിലെത്തിക്കും. തുടർന്ന് കൊടിമരം ചെത്തി മിനുക്കും. കൊടിയേറ്റത്തിന് ശേഷം വൈകീട്ട് മൂന്നിന് പൂരം പുറപ്പാട് നടക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റുന്ന എഴുന്നള്ളിപ്പ് നായ്ക്കനാലിലെത്തിയ ശേഷം, അവിടെയും നടുവിലാലിലും പൂരപ്പതാകകൾ ഉയർത്തും. ഭഗവാന്റെയും ഭഗവതിയുടെയും സാന്നിധ്യം അറിയിക്കുന്ന നീല, മഞ്ഞ കൊടികളാണ് ഇവിടെ ഉയർത്തുക.
തുടർന്ന് വടക്കുന്നാഥ ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച ശേഷം നടുവിൽ മഠത്തിൽ ആറാട്ടും നടക്കും. പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെ 11.30നാണ് കൊടിയേറ്റ്. 11 മണിക്ക് നടക്കുന്ന വലിയപാണിക്കുശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കിയാണ് ദേശക്കാർ കൊടിയുയർത്തുക. ചെമ്പിൽ കുട്ടനാശാരി നിർമിക്കുന്ന കൊടിമരം ഇലകളും ദർഭപ്പുല്ലും ഉപയോഗിച്ച് അലങ്കരിച്ച ശേഷം സിംഹമുദ്രയുള്ള കൊടിക്കൂറയാണ് ഉയർത്തുക. ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികൾ ഉയർത്തും. പാറമേക്കാവ് കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റും. അഞ്ച് ആനകളുടെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്കരണി തീർഥക്കുളത്തിലാണ് ഭഗവതിയുടെ ആറാട്ട് നടക്കുക.
പൂരത്തിൽ പങ്കാളികളാകുന്ന കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, പനമുക്കുംപ്പിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ എട്ട് ഘടക ക്ഷേത്രങ്ങളിലും 20ന് രാവിലെയും വൈകീട്ടുമായി പൂരക്കൊടിയേറും. ഏപ്രിൽ 26ന് ഞായറാഴ്ചയാണ് കണ്ണിനും കാതിനും വിരുന്നേകുന്ന തൃശൂർ പൂരം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.