നെല്ലിന്റെ വില ലഭിക്കാത്തതിനെതിരെ എസ്ബി.ഐ എരുമപ്പെട്ടി ശാഖക്ക് മുന്നിൽ കർഷകർ നടത്തിയ പ്രതിഷേധം
എരുമപ്പെട്ടി: വിവിധ പാടശേഖരങ്ങളിൽ മുണ്ടകൻ നെൽകൃഷി ചെയ്ത് ലഭിച്ച നെല്ല് സപ്ലൈകോക്ക് നൽകിയതിന്റെ വില മാസങ്ങൾ കഴിഞ്ഞിട്ടും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നെൽകർഷകർ എരുമപ്പെട്ടി എസ്.ബി.ഐ ശാഖക്ക് മുന്നിൽ ധർണ നടത്തി.
എരുമപ്പെട്ടി പഞ്ചായത്തിലെ മഞ്ഞാറ പാടം, കരിയന്നൂർ, കടങ്ങോട് പഞ്ചായത്തിലെ കാവാലംചിറ, പാഴിയോട്ടുമുറി പാടശേഖരങ്ങളിലെ അമ്പതിലധികം കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സപ്ലൈകോ വഴി നെല്ല് കൊടുത്തതിന് ലഭിക്കുന്ന പി.ആർ.എസ് വഴി കർഷകർക്ക് വായ്പയായി പണം നൽകുന്നതിന് എസ്ബി.ഐ, കാനറ ബാങ്കുകളാണ് സർക്കാറുമായി കരാറുള്ളത്.
ഈ മേഖലയിലെ ഭൂരിഭാഗം കർഷകരും എസ്ബി.ഐ എരുമപ്പെട്ടി ശാഖയുടെ പേര് നൽകിയാണ് സപ്ലൈകോക്ക് നെല്ല് നൽകിയത്. ഇത്തരത്തിൽ 600 കർഷകർക്ക് എരുമപ്പെട്ടി ശാഖ വഴി പണം ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ ഫെബ്രുവരി 21 വരെ ഏകദേശം 165 കർഷകർക് ബാങ്ക് വായ്പയായി പണം നൽകിയെന്നും അതിനു ശേഷം മുന്നറിയിപ്പില്ലാതെ പണം നൽകുന്നത് നിർത്തിവെക്കുകയായിരുന്നുവെന്നും ഭൂരിഭാഗം പേർക്കും പണം ലഭിച്ചില്ലെന്നും കർഷകർ പരാതിപ്പെട്ടു. ഇത്തരത്തിൽ 10,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ നെല്ലിന്റെ വില ലഭിക്കാനുള്ളവരുണ്ട്. പണം ലഭിക്കാൻ കർഷകർ ബാങ്കിൽ കയറി മടുത്തതോടെയാണ് പ്രതിഷേധവുമായി എത്തിയത്.
എസ്ബി.ഐയുടെ സമീപ പ്രദേശങ്ങളിലെ ശാഖകളിൽനിന്ന് നെല്ല് വില കർഷകർക്ക് നൽകുന്നുണ്ടെന്നാണ് അറിയുന്നതെന്നും കർഷകർ പറയുന്നു. പാടശേഖരസമിതി ഭാരവാഹികളായ സി.കെ. സുരേന്ദ്രൻ, എ.എ. അബ്ദുൽ മജീദ്, എ.എം. നൂർജഹാൻ, പഞ്ചായത്ത് അംഗങ്ങളായ കക്കാട്ട് ഗോവിന്ദൻ കുട്ടി, സി.പി. തോമസ് എന്നിവർ ധർണക്ക് നേതൃത്വം നൽകി.
ഫെബ്രുവരി 21ന് ശേഷം കർഷകർക്ക് നെല്ലിന്റെ വില നൽകുന്നത് ബാങ്ക് ഹെഡ് ഓഫിസിൽ നിന്നുള്ള നിർദേശം വഴി നിർത്തിവെച്ചിരിക്കുകയാണെന്നും പുതിയ നിർദേശം വരുന്ന മുറക്ക് വില നൽകുന്നത് പുനരാരംഭിക്കുമെന്നാണ് ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.