1. തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നടന്ന തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം 2. പാറമേക്കാവ് വിഭാഗത്തിന്റെ കൊടിയേറ്റം
തൃശൂർ: കാത്തിരിപ്പിന് വിരാമമിട്ട് വാദ്യഘോഷങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി. പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് വിവിധ സമയങ്ങളിലായി പൂരക്കൊടി ഉയർന്നത്. നഗരത്തിൽ പൂരപ്പന്തലുകളുടെയും വെടിക്കെട്ടിന്റെയും ഒരുക്കങ്ങളും സജീവമായി.
പ്രധാന ക്ഷേത്രങ്ങളിൽ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരൻ, സുഷിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമരം ഒരുക്കിയത്.
രാവിലെ എട്ടരയോടെ ആരംഭിച്ച പഞ്ചാരിമേളത്തിന്റെ കലാശത്തിനുശേഷം 11.25ഓടെ പ്രത്യേകം സജ്ജമാക്കിയ പുത്തൻ സപ്തവർണ കൊടിക്കൂറ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൊടിക്കാലിൽ കെട്ടി വാനിലുയർത്തി. തുടർന്ന് നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരക്കൊടി പാറിപ്പറന്നു. കൊടിയേറ്റത്തിന് ശേഷം ഉച്ചക്ക് രണ്ടോടെ നടുവിലാൽ മഠത്തിലെ (ബ്രഹ്മസ്വം മഠം) ചിറയിലായിരുന്നു തിരുവമ്പാടി ഭഗവതിയുടെ ആറാട്ട്. തൊട്ടുപിന്നാലെ 11.30ഓടെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടന്നു. ചെമ്പിൽ കുട്ടനാചാരിയുടെ നേതൃത്വത്തിൽ കവുങ്ങിൽ ആലിലയും മാവിലയും ദർഭപ്പുല്ലും ചാർത്തിയാണ് കൊടിമരം അലങ്കരിച്ചത്.
വലിയ പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിയ ഭഗവതിയെ സാക്ഷിനിർത്തി ആർപ്പുവിളികളോടെ കൊടിക്കൂറ കൊടിമരത്തിലുയർത്തി. തുടർന്ന് അഞ്ച് ഗജവീരന്മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ പാറമേക്കാവിലമ്മ പുറത്തേക്ക് എഴുന്നള്ളി വടക്കുന്നാഥനിലെ കൊക്കർണിയിൽ ആറാട്ട് നടത്തി.
എട്ടു ഘടകക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടിയേറ്റ് നടന്നു. തിങ്കളാഴ്ച രാവിലെ 8.15ന് ലാലൂർ കാർത്ത്യായനി ക്ഷേത്രത്തിലാണ് ഘടകപൂരങ്ങളിൽ ആദ്യ കൊടിയേറ്റം നടന്നത്.
കുറ്റൂർ നെയ്തലക്കാവിലമ്മക്ക് രാത്രി കൊടിയേറിയതോടെ ചടങ്ങുകൾ പൂർണമായി. പൂരത്തിനായുള്ള നഗരത്തിലെ ഒരുക്കങ്ങളും വേഗത്തിലായി. പാറമേക്കാവിന്റെ മണികണ്ഠനാലിലെയും തിരുവമ്പാടിയുടെ നടുവിലാൽ, നായ്ക്കനാൽ പന്തലുകളുടെയും നിർമാണം പുരോഗമിക്കുകയാണ്.
24ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിനായുള്ള ഒരുക്കങ്ങൾ തേക്കിൻകാട് മൈതാനത്ത് ആരംഭിച്ചു. 25നാണ് നെയ്തലക്കാവിലമ്മ വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്നിറങ്ങുന്ന പൂരവിളംബരം. 26നാണ് തൃശൂർ പൂരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.