പരിസ്ഥിതി സംരക്ഷണം: തൊഴിലുറപ്പുമായി ചേർന്ന് ജില്ലതല പദ്ധതി വരുന്നു

തൃശൂർ: പരിസ്ഥിതി സംരക്ഷണത്തിനും ജലസംരക്ഷണത്തിനും ഊന്നൽ നൽകി മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് ജില്ലയിലെ എല്ലാ സ്വകാര്യ ഭൂമിയിലും വിശദമായി സൂക്ഷ്മതലത്തിലുള്ള നീർത്തടാടിസ്ഥാനത്തിൽ വികസന ഇടപെടലുകൾ സാധ്യമാക്കുന്നതിന്​ 'ജില്ല നെറ്റ് പ്ലാൻ' തയാറാക്കാൻ കിലയിൽ ചേർന്ന ശിൽപശാലയിൽ തീരുമാനമായി. കേവലമൊരു തൊഴിൽദാന പദ്ധതി എന്ന നിലയിൽനിന്ന് മാറി പരിസ്ഥിതി പുനഃസ്ഥാപനത്തിനും കാലാവസ്ഥ മാറ്റത്തിന്‍റെ കെടുതികളെ ചെറുക്കാനും തൊഴിലുറപ്പ്​ പദ്ധതി സർഗാത്മകമായി പ്രയോജനപ്പെടുത്തുക എന്നതാണ് നെറ്റ് പ്ലാൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലായിരിക്കും പദ്ധതി തയാറാക്കുക. ജില്ലയിലെ 16 ബ്ലോക്കുകളിൽനിന്ന്​ ഓരോ പഞ്ചായത്തുകൾ തെരഞ്ഞെടുത്ത് ആദ്യഘട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഊർജിതമായ പ്രവർത്തനങ്ങൾ കാമ്പയിൻ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനും തീരുമാനിച്ചു. അരിമ്പൂർ, മേലൂർ, വടക്കെ കാട്, ചേർപ്പ്, വേലൂർ, കാട്ടൂർ, പുതുക്കാട്, അന്നമനട, എടത്തിരുത്തി, വെങ്കിടങ്ങ്, പുത്തൂർ, പാഞ്ഞാൾ, അടാട്ട്, ഏങ്ങണ്ടിയൂർ, പടിയൂർ, വരവൂർ എന്നിവയാണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്ന പഞ്ചായത്തുകൾ. ജില്ലയിലെ 86 പഞ്ചായത്തുകളിലും രണ്ടു മാസം കൊണ്ട് നെറ്റ് പ്ലാൻ തയാറാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകൃത ആസൂത്രണ വിഭാഗം ചീഫ് ജോസഫൈൻ, എൻ.ആർ.ഇ.ജി.എസ് പ്രോഗ്രാം ഓഫിസർ ബാലചന്ദ്രൻ, ജില്ല ആസൂത്രണ സമിതി സർക്കാർ നോമിനി എം.എൻ. സുധാകരൻ, ജില്ല ജനകീയാസൂത്രണ ഫെസിലിറ്റേറ്ററും എസ്.ആർ.ജി അംഗവുമായ എം.ആർ. അനൂപ് കിഷോർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.