കൂടപ്പുഴ തടയണ പുനർനിർമാണം പൂർത്തിയായില്ല; പ്രദേശത്ത് ജലവിതാനം താഴ്ന്നു

കൂടപ്പുഴ തടയണ പുനർനിർമാണം പൂർത്തിയായില്ല; ജലവിതാനം താഴ്ന്നു ചാലക്കുടി: കൂടപ്പുഴ തടയണയിൽ ജലം സംഭരിക്കാനാവാത്തതിനാൽ പ്രദേശം വരൾച്ചയിലേക്ക്. മാർച്ച് പിന്നിട്ടതോടെ മേഖലയിലെ ജലാശയങ്ങൾ വറ്റിത്തുടങ്ങിയിരിക്കുകയാണ്​​. അറ്റകുറ്റപ്പണി തീരാത്തതിനാൽ ഷട്ടറുകൾ തുറന്നിട്ടതിനാലാണ് ജലം സംഭരിക്കാൻ കഴിയാത്തത്. ഡിസംബറിൽ തന്നെ പുഴയിലെ ജലവിതാനം താഴ്ന്നിരുന്നു. ജനുവരിയിലാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. രണ്ടു മാസത്തിനകം തീരുമെന്നായിരുന്നു പ്രതീക്ഷ. സാധാരണ ഈ സമയത്ത് ഷട്ടറുകൾ ഇടുന്നതിനാൽ ജലനിരപ്പ് ഉയരുകയും പ്രദേശത്തെ കിണറുകളിലും മറ്റും വെള്ളം ലഭ്യമാകുകയും ചെയ്യാറുണ്ട്​. പണികൾ പൂർത്തീകരിച്ച്​ ഷട്ടറുകൾ പുനഃസ്ഥാപിച്ചാലേ വേനൽ ശക്തമാകുന്ന ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത വരൾച്ചയിൽനിന്ന് രക്ഷ നേടാനാവൂ. പുഴയോരത്തെ കർഷകർക്കും ജലക്ഷാമം പ്രതിസന്ധിയായിട്ടുണ്ട്​. ജലസേചന വകുപ്പിന്‍റെ നേതൃത്വത്തിൽ ഒരു കോടി രൂപ ചെലവിലാണ്​ കൂടപ്പുഴ തടയണയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നത്. അതോടൊപ്പം 80 ലക്ഷം രൂപ ചെലവിൽ മേലൂർ ഭാഗത്തെ ഇടിഞ്ഞ പുഴയോരം പുനർനിർമിക്കുകയും ചെയ്യുന്നുണ്ട്​. 2018ലെ പ്രളയത്തിലാണ് വൻമരങ്ങൾ വന്നിടിച്ച് തടയണക്ക്​ സാരമായ തകരാറ് സംഭവിച്ചത്. തുടർന്ന് 2021ൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം ആരംഭിച്ചിരുന്നു. പണികൾ നടന്നുകൊണ്ടിരിക്കെ ഏപ്രിൽ 16ന് വേനൽമഴയെ തുടർന്ന് നിർമാണ സാമഗ്രികൾ അടക്കം ഒഴുകിപ്പോയി. ഈ വർഷം പ്രവൃത്തി പുനരാരംഭിച്ചെങ്കിലും പിന്നീട്​ ഇഴയുകയായിരുന്നു. വേനൽമഴ ശക്തമാവുന്നതിന് മുമ്പ്​ പണികൾ തീർക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. TC MChdy - പൂർത്തിയാകാത്ത കൂടപ്പുഴ തടയണ പുനർനിർമാണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.