മറ്റത്തൂരില്‍ ട്രൈബല്‍ ഹബ്​ ആരംഭിക്കുന്നു

മറ്റത്തൂരില്‍ ട്രൈബല്‍ ഹബ്​ ആരംഭിക്കുന്നു പഞ്ചായത്ത്​ ബജറ്റിൽ കാർഷിക മേഖലക്ക്​ ഊന്നൽ മറ്റത്തൂര്‍: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്‍റെ ഉന്നമനത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി മറ്റത്തൂര്‍ പഞ്ചായത്ത്​ ബജറ്റ്​. 50.50 കോടി വരവും 48.40 കോടി ചെലവും 2.09 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്​ പഞ്ചായത്ത്​ വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണനാണ് അവതരിപ്പിച്ചത്. കേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക പഞ്ചായത്തുകളില്‍ ഒന്നായ മറ്റത്തൂര്‍ പഞ്ചായത്തിലെ ശാസ്താംപൂവം കാരിക്കടവ് വനമേഖലയിൽ ട്രൈബല്‍ ഹബ് ആരംഭിക്കാൻ 25 ലക്ഷം രൂപ വകയിരുത്തി. ആദിവാസി വിഭാഗത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താനും വനവിഭവങ്ങള്‍ സംഭരിക്കാനും സംസ്കരിക്കാനും അവരെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിക്കാനും ലക്ഷ്യമിട്ടാണ്​ ട്രൈബൽ ഹബ്​ ആരംഭിക്കുന്നത്​. വനിത ക്ഷേമത്തിനും ലിംഗനീതി ഉറപ്പാക്കാനുമായുള്ള പദ്ധതിക്ക് 40 ലക്ഷം രൂപയും ലൈഫ് പാര്‍പ്പിട പദ്ധതിക്ക് അഞ്ചുകോടി രൂപയും നീക്കി വെച്ചു. കുടിവെള്ളം അനുബന്ധ മേഖലക്ക് 1.22 കോടിയും ഓഫിസ് പ്രവര്‍ത്തനം സോളാര്‍ വൈദ്യുതിയില്‍ ആക്കാൻ 10 ലക്ഷവും വകകൊള്ളിച്ചിട്ടുണ്ട്. പ്രസിഡന്‍റ്​ അശ്വതി വിബി അധ്യക്ഷത വഹിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.