കുടുംബശ്രീ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ്​ ശില്പശാല പ്രതിനിധികൾ

കുടുംബശ്രീ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ്​ ശില്പശാല പ്രതിനിധികൾ തൃശൂർ: കേരള സമൂഹത്തിൽ സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും ശാക്തീകരണത്തിനുമായി കുടുംബശ്രീ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ അവർ കണ്ടറിഞ്ഞു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി കുടുംബശ്രീ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ നടത്തിവരുന്ന ദേശീയ ത്രിദിന ശില്പശാലയ്ക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ എഴുപതോളം പ്രതിനിധികളാണ് പഠന സന്ദർശനത്തിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെത്തിയത്​. മധ്യപ്രദേശ്, ഝാർഖണ്ഡ്, ഗുജറാത്ത്, കർണാടക, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ നടത്തറയിലും അസം, മേഘാലയ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ബിഹാർ എന്നിവിടങ്ങളിലെ പ്രതിനിധികൾ അതിരപ്പിള്ളിയിലും സന്ദർശനം നടത്തി. അരുണാചൽ പ്രദേശ്, തമിഴ്നാട്, പുതുച്ചേരി, മിസോറാം, ത്രിപുര, ആന്ധ്ര, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പാണഞ്ചേരിയിലാണ്​ എത്തിയത്​. സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്, ജെൻഡർ റിസോഴ്‌സ് സെന്ററുകൾ, വിജിലന്റ് ഗ്രൂപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഇവർ വിശദമായി മനസ്സിലാക്കി. പഞ്ചായത്ത്, സി.ഡി.എസ് ഭരണസമിതി അംഗങ്ങളുമായും ഇവർ സംവദിച്ചു. ശില്പശാലയുടെ ഭാഗമായ വിവിധ എൻ.ജി.ഒ പ്രതിനിധികളും എൻ.ആർ.എൽ.എം ദേശീയ ഭാരവാഹികളും കുടുംബശ്രീ പ്രതിനിധികളും സന്ദർശക സംഘത്തിലുണ്ടായിരുന്നു. സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച സ്ത്രീശക്തി കലാജാഥയുടെ അവതരണവും ഇവർ കണ്ടു. 'ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും' എന്ന വിഷയത്തിൽ കഴിഞ്ഞ 15നാരംഭിച്ച ദേശീയ ശില്പശാല വ്യാഴാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.