ദേശീയപാത നഷ്ടപരിഹാരം: ഉദ്യോഗസ്ഥർ തുക തട്ടിയെടുക്കുന്നു -ആക്ഷൻ കൗൺസിൽ

ദേശീയപാത നഷ്ടപരിഹാരം: ഉദ്യോഗസ്ഥർ തുക തട്ടിയെടുക്കുന്നു -ആക്ഷൻ കൗൺസിൽ തളിക്കുളം: ദേശീയപാത വികസനത്തിന്​ വീടും കെട്ടിടവും വിട്ടുകൊടുത്തവരുടെ നഷ്ടപരിഹാരത്തിൽനിന്ന് ആറു ശതമാനം തുക തിരിച്ചുപിടിക്കുന്നത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നും എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പാസാക്കിയ സംഖ്യയിൽനിന്നും ആറ്‌ ശതമാനം സൈറ്റ് ഒരുക്കൽ (സാൽവേജ്) എന്ന പേരിൽ വെട്ടിക്കുറക്കുന്ന ഹൈവേ അധികാരികളുടെ നടപടി അംഗീകരിക്കാനാകില്ല. ഒരു പൈസ പോലും കുറക്കാതെ മുഴുവൻ സംഖ്യയും കെട്ടിട ഉടമകൾക്ക് നൽകണമെന്ന ഹൈകോടതി വിധിക്കെതിരാണിത്​. ആദ്യം ചില വ്യക്തികൾക്കും പിന്നീട് മൊത്തം ഇരകൾക്കും വിധി നടപ്പാക്കണമെന്ന നിർദേശം ബാധകമല്ലെന്ന നിലയിലാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇതിലൂടെ കെട്ടിടങ്ങൾ പൊളിച്ച് മറിച്ചു വിൽക്കുന്ന കോൺട്രാക്ടർമാരുടെയും റിയൽ എസ്റ്റേറ്റ് ലോബികളുടെയും താൽപര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയാണ് ദേശീയപാത അതോറിറ്റി. നിലവിൽ ഭൂമിക്ക് നൽകുന്ന വില തന്നെ വളരെ തുച്ഛമാണ്​. എടക്കഴിയൂർ, പുന്നയൂർ, ഒരുമനയൂർ, കടിക്കാട് വില്ലേജുകളിൽനിന്നുള്ള നിരവധി പരാതികൾ ആർബിറ്ററേഷൻ മുമ്പാകെ ഉയർന്നു വന്നിട്ടുണ്ട്. അതിന് പുറമെയാണ് ഈ തട്ടിപ്പ്. ഹൈകോടതി വിധി നടപ്പാക്കാത്ത ഹൈവേ അധികാരികളുടെ നിലപാടുകൾ പ്രതിഷേധാർഹമാണെന്നും സർക്കാർ ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ആക്ഷൻ കൗൺസിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. പൊതുജനസമക്ഷം ഇക്കാര്യം ചർച്ച ചെയ്ത്​ സമരപരിപാടികൾ നടത്താനും ആക്ഷൻ കൗൺസിൽ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. തളിക്കുളം എസ്.എൻ ഹാളിൽ നടന്ന യോഗത്തിൽ ജില്ല വൈസ് പ്രസിഡന്‍റ്​ പി.കെ. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ സി.കെ. ശിവദാസൻ, സീതി നാട്ടിക, ഉസ്മാൻ അണ്ടത്തോട്, ഗിരീഷ് വാടാനപ്പള്ളി, കെ.കെ. ഹംസ കുട്ടി, എ.ജി. ധർമരത്നം, സുഖദേവ് തളിക്കുളം, പട്ടാളം കമറുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.