വനിതാദിനത്തിൽ ഷൈലജയെ തേടി കേന്ദ്ര അംഗീകാരമെത്തി

വനിത ദിനത്തിൽ ഷൈലജയെ തേടി കേന്ദ്ര അംഗീകാരമെത്തി അതിരപ്പിള്ളി: വനിത ദിനത്തിൽ ഷോളയാർ കാടുകളിലെ ഷൈലജ അയ്യപ്പനെ തേടിയെത്തിയത് ഒരു ശ്രദ്ധേയമായ അംഗീകാരം. വ്യത്യസ്തമായ തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കായുള്ള കേന്ദ്ര നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയത്തിന്റെ അംഗീകാരമാണ് ഷൈലജയെ തേടിയെത്തിയത്. അതിരപ്പിള്ളി പഞ്ചായത്തിലെ ഷോളയാർ ഗിരിജൻ കോളനിയിലെ ഒരു സാധാരണ വനിതയാണ് ശൈലജ. പ്ലംബിങ് ജോലികൾ ചെയ്താണ്​ ഇവർ ഉപജീവനം കഴിക്കുന്നത്​. ഭർത്താവ് ഉപേക്ഷിച്ചുപോയ ഷൈലജ കൂലിപ്പണി ചെയ്താണ് നാല് പെൺകുട്ടികളടങ്ങുന്ന കുടുംബത്തെ പുലർത്തിയിരുന്നത്. ജീവിതപ്രാരാബ്ധം മൂലം കഷ്ടപ്പെടുന്നതിനിടയിലാണ്​ കേന്ദ്ര സ്‌കിൽ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജനശിക്ഷൺ സംസ്ഥാൻ നടത്തുന്ന പ്ലംബിങ്ങ് കോഴ്‌സിന്​​ ഷൈലജ പ്രവേശനം നേടുന്നത്​. ഷൈലജയുൾപ്പെടെയുള്ള 20 പേരടങ്ങുന്ന സംഘത്തിന് റിസോഴ്‌സ്പേഴ്‌സൻ ലിജോയുടെ നേതൃത്വത്തിൽ പ്ലംബിങ് ജോലികളിൽ പരിശീലനം നൽകിയത്​. മൂന്നുമാസത്തെ പരിശീലനം പൂർത്തിയാക്കിയ ഷൈലജ ഇന്ന്​ ഷോളയാറിൽ അറിയപ്പെടുന്ന പ്ലംബറാണ്​. ജോലിയിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് മക്കളിൽ ഒരാളെ കല്യാണം കഴിച്ചയക്കാനും മറ്റു കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും സാധിച്ചു. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ ഹരിത വി. കുമാർ ഷൈലജയെ പൊന്നാടയണിയിച്ച് ആദരിച്ചു. ജെ.എസ്.എസ് ഡയറക്ടർ സുധ സോളമൻ, ചെയർപേഴ്‌സൻ സുനിത പ്രമോദ്, റിസോഴ്‌സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.