സമ്പൂർണമായ സ്വാതന്ത്ര്യം സ്വപ്നം മാത്രം- സച്ചിദാനന്ദൻ

സമ്പൂർണമായ സ്വാതന്ത്ര്യം സ്വപ്നം മാത്രം -സച്ചിദാനന്ദൻ തൃശൂർ: സമ്പൂർണമായ സ്വാതന്ത്ര്യം എന്നും സ്വപ്നം മാത്രമാണെന്നും അതിലേക്കുള്ള മുന്നേറ്റം മാത്രമാണ് നമുക്ക് സാധ്യമാകുകയെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ​പ്രഫ. കെ. സച്ചിദാനന്ദൻ. ബഹുജന സാംസ്കാരിക കൂട്ടായ്മ, കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് നടത്തിയ 'വിധിയുമായുള്ള സമാഗമം' പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം എന്നത് ആരെങ്കിലും ആർക്കെങ്കിലും പ്രത്യേക ചരിത്രമുഹൂർത്തത്തിൽ വെച്ചുനീട്ടുന്ന സൗജന്യമല്ല. 1947 ആഗസ്റ്റ് 14ന് പെട്ടന്നൊരു ദിവസം അർധരാത്രി, ഇന്ത്യയിലെ ജനങ്ങൾക്ക് മേൽ പതിച്ച ഒന്നല്ല. ഓരോ വ്യക്തിക്ക് നൽകപ്പെട്ട പ്രകാശ വലയമോ അല്ല. സ്വാതന്ത്ര്യം എന്നത് എക്കാലവും നൽകപ്പെട്ട ഒരു അപൂർണ പദ്ധതിയായിട്ടാണ് നിലനിന്നുപോയിട്ടുള്ളത്. വിഭജനത്തിന് കാരണം മുസ്‍ലിംകളാണ് എന്ന സങ്കൽപത്തിന്റെ യുക്തിവത്​കരണമാണ് ഇന്നുവരെ മുസ്‍ലിംകൾക്കെതി​രെ ഹിന്ദുത്വവാദികൾ നടത്തിപ്പോന്ന ആക്രമണങ്ങൾ. ഹിന്ദുത്വവാദത്തിന്റെ അടിവേരുകൾ കിടക്കുന്നത് വിഭജനത്തെക്കുറിച്ചുള്ള ഹിന്ദു ആഖ്യാനത്തിലാണ്. അന്നത്തെ സമൂഹത്തിലെ അനേക വിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് പിന്തുണച്ച ഭീഷണമായ ദുരന്തമായിരുന്നു വിഭജനം. 1925ൽ ഹിന്ദു മഹാസഭ രൂപവത്​കരണത്തോടെ വിഭജനത്തിന്റെ വിത്ത് ആദ്യമായി മണ്ണിൽ പാകപ്പെട്ടു. അത് മുന്നോട്ടുവെച്ച ഹിന്ദുരാഷ്ട്ര സങ്കൽപമാണ് മുസ്‍ലിംകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതും അത് മുതലെടുത്ത് ജിന്ന​യേപ്പോലെ ഒരാൾ മുന്നോട്ടുവരുകയും ചെയ്തത്. മതേതരത്വ ആശയത്തെപോലും സംശയ​പ്പെടുത്തുന ആക്രമണങ്ങളാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. വേണുഗോപാൽ, കവിത ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.എൽ. ജോസ് സ്വാഗതവും കെ.പി.എൻ. അമൃത നന്ദിയും പറഞ്ഞു. പടം: ജോൺസൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.