മനംനിറച്ച്​ വീഥികൾ കീഴടക്കി....

heading മനംനിറച്ച്​ വീഥികൾ കീഴടക്കി... ശോഭയാത്രകള്‍ ഗ്രാമ-നഗരവീഥികളെ അമ്പാടിയാക്കി തൃശൂര്‍: മഞ്ഞപ്പട്ടുടുത്ത് മയില്‍പ്പീലി ചൂടിയ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞു. കംസ നിഗ്രഹവവും വിശ്വരൂപ ദര്‍ശനവും സ്വര്‍ഗാരോഹണവും കൃഷ്ണ ലീലകളായി മാറിയപ്പോള്‍ നാടും നഗരവും മഥുരാപുരിയായി. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നാടെങ്ങും നടന്ന ശോഭയാത്രകള്‍ ഗ്രാമ-നഗരവീഥികളെ അമ്പാടിയാക്കി. വഴിനീളെ നിറപറ വെച്ചും നിലവിളക്ക് തെളിയിച്ചും ശോഭയാത്രകളെ ഭക്തര്‍ വരവേറ്റു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 900 ശോഭയാത്രകളാണ് നടന്നത്. കൃഷ്ണ-ഗോപികാവേഷങ്ങള്‍ ധരിച്ച ബാലികാ-ബാലന്മാര്‍ വീഥികളില്‍ ആനന്ദ നൃത്തമാടിയത് നിറക്കാഴ്ചയായി. 20,000ഓളം കൃഷ്ണ-ഗോപിക വേഷധാരികള്‍ക്കൊപ്പം നിശ്ചലദൃശ്യങ്ങളും ഗോപികാനൃത്തവും ഉറിയടിയും ശോഭായാത്രകള്‍ക്ക് അകമ്പടിയായി. തൃശൂര്‍ നഗരത്തില്‍ നടന്ന മഹാശോഭയാത്രയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. നിശ്ചലദൃശ്യങ്ങള്‍ ശോഭയാത്രയെ വര്‍ണാഭമാക്കി. 22 കേന്ദ്രങ്ങളില്‍നിന്നുള്ള ശോഭയാത്രകള്‍ പാറമേക്കാവ് പരിസരത്ത് സംഗമിച്ചു. തുടര്‍ന്ന് മഹാശോഭയാത്രയായി നഗരംചുറ്റി നായ്ക്കനാലിന് സമീപം തേക്കിന്‍കാട് മൈതാനിയില്‍ സമാപിച്ചു. 3000ല്‍ പരം കൃഷ്ണഗോപികാ വേഷധാരികളും മിഴിവേകി. ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ ആര്‍. സുധാകുമാരി പങ്കെടുത്തു. തൃശൂരിന് പുറമേ ചാലക്കുടി, അന്നമനട, കൊടകര, വരന്തരപ്പിള്ളി, മണ്ണുത്തി, കൊടുങ്ങല്ലൂര്‍, പെരിഞ്ഞനം, പുന്നയൂര്‍കുളം, തൃപ്രയാര്‍, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിലും മഹാശോഭയാത്രകള്‍ നടന്നു. ഗുരുവായൂരില്‍ നഗരത്തിലെ ശോഭായാത്രകള്‍ വെങ്കിടാചലപതി ക്ഷേത്രത്തില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭയാത്രയായി ക്ഷേത്ര പ്രദക്ഷിണത്തിനുശേഷം നാരായണാലയത്തില്‍ സമാപിച്ചു. ബാലഗോകുലം തൃശൂര്‍ മേഖലയിലെ ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂര്‍, ഗുരുവായൂര്‍ സമിതികളുടെ നേതൃത്വത്തില്‍ 900 ശോഭയാത്രകള്‍ നടന്നു. റവന്യൂ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ ഗോപൂജയും ഉണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.