തൃശൂർ: സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഉത്കണ്ഠകളും വെല്ലുവിളികളും മുൻനിർത്തി ബഹുജന സാംസ്കാരിക കൂട്ടായ്മ വ്യത്യസ്ത ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പ്രഭാഷണങ്ങളിൽ ആദ്യത്തേത് വെള്ളിയാഴ്ച നടക്കും. സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചിനാണ് പ്രഭാഷണങ്ങളെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച 'സ്വാതന്ത്ര്യത്തിന്‍റെ സാംസ്കാരിക പരിപ്രേക്ഷ്യങ്ങൾ' എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദനും 22ന് 'ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വർത്തമാനം' എന്ന വിഷയത്തിൽ ബി. രാജീവനും പ്രഭാഷണം നടത്തും. 29ന് രണ്ട് പ്രഭാഷണമുണ്ട്. വൈകീട്ട് നാലിന് 'വെറുപ്പിന്‍റെ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിമറിക്കാൻ കഴിയും' എന്ന വിഷയം ഡൽഹിയിലെ സ്വതന്ത്ര പത്രപ്രവർത്തകയും സിനിമ സംവിധായികയുമായ രേവതി ലോൾ, അഞ്ചിന് 'സ്വാതന്ത്ര്യത്തിനുള്ള ദലിതരുടെ അവസാനിക്കാത്ത പോരാട്ടങ്ങൾ' എന്ന വിഷയം തമിഴ് കവിയും ആക്ടിവിസ്റ്റുമായ ആദവൻ ദീക്ഷണ്യ എന്നിവർ അവതരിപ്പിക്കും. 30ന് 'ഭൂരിപക്ഷ രാഷ്ട്രീയം, ജനാധിപത്യത്തിന്‍റെയും വിയോജിപ്പിന്‍റെയും മേഖലകളിൽ അതുളവാക്കുന്ന പ്രത്യാഘാതങ്ങൾ' വിഷയത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദിന്‍റെ പ്രഭാഷണമാണ്. ഓരോ പ്രഭാഷണത്തിനു ശേഷവും സദസ്സുമായി സംവാദവുമുണ്ട്. വാർത്തസമ്മേളനത്തിൽ കെ.എസ്. ജോസ്, പി.എസ്. ഇക്ബാൽ, അഡ്വ. ആശാ ഉണ്ണിത്താൻ, എം.എൻ. വിനയകുമാർ, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുത്തു. -------------- ദേശീയപാത 66: കൂട്ടായ്മയുമായി കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർ തൃശൂർ: ദേശീയപാത 66നു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിലൂടെ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർ കൂട്ടായ്മ രൂപവത്കരിച്ചു. പുനരധിവാസവും ന്യായമായ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാനും ആവശ്യമെങ്കിൽ പ്രക്ഷോഭം നടത്താനും തീരുമാനിച്ചതായി കൂട്ടായ്മ പ്രസിഡന്‍റ് അബ്ദുന്നാസർ, വൈസ് പ്രസിഡന്‍റ് കെ.കെ. അലി, ഷജീർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ഥലവും കെട്ടിടവും ഏറ്റെടുക്കുമ്പോൾ നൽകുന്ന നഷ്ടപരിഹാരം മാത്രമാണ് പുറമേക്ക് പ്രചരിക്കുന്നതെന്നും അതുവഴി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരുടെ പ്രശ്നം ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അറിയില്ലെന്നും അവർ പറഞ്ഞു. ഭൂമിക്കും അതിലെ കെട്ടിടത്തിനും കവുങ്ങിനും മുരിങ്ങ മരത്തിനും വരെ വില കണക്കാക്കി നഷ്ടപരിഹാരം നൽകുമ്പോൾ കച്ചവടക്കാർക്ക് സ്ഥാപനത്തിന്‍റെ വലുപ്പച്ചെറുപ്പവും പഴക്കവും പരിഗണിക്കാതെ 75,000 രൂപ മാത്രം നൽകി ഒഴിപ്പിക്കുകയാണ്. ഇതുവഴി ഒരു പുനരധിവാസവും സാധ്യമല്ല. മാത്രമല്ല, കച്ചവടക്കാരുടെ കുടുംബം വൻ പ്രതിസന്ധിയിൽ അകപ്പെടും. ഈ സാഹചര്യത്തിൽ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും കിട്ടാതെ വ്യാപാര സ്ഥാപനം ഒഴിയേണ്ടതില്ലെന്ന് തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. എം.പി, എം.എൽ.എ, കലക്ടർ എന്നിവർക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകി. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.