പഞ്ചാരിയിൽ പുതിയ പരീക്ഷണവുമായി അനിൽകുമാർ

തൃശൂർ: പഞ്ചാരി മേളത്തിൽ പുതിയ പരീക്ഷണവുമായി കലാനിലയം അനിൽകുമാർ. ചതുരശ്ര ജാതി രൂപക താളത്തിൽ പ്രയോഗിക്കുന്ന പഞ്ചാരിയെ തിശ്രനടയിൽ ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്​ ഈ യുവാവ്​. 21ന്​ ഉച്ചകഴിഞ്ഞ്​ മൂന്ന്​ മുതൽ തൃശൂർ പാറമേക്കാവ്​ പുഷ്പാഞ്ജലി ഹാൾ പരിസരത്താണ്​ രണ്ടര മണിക്കൂർ നീളുന്ന മേളം. രണ്ട്​ വർഷത്തെ പരിശ്രമത്തിലാണ്​ പഞ്ചാരിയിൽ ഈ രീതി മൂവാറ്റുപുഴ സ്വദേശിയായ അനിൽകുമാർ വികസിപ്പിച്ചത്​. 'ദ്വാദശം' എന്ന പേരിൽ മേളം ചിട്ടപ്പെടുത്തിയ ഇത്​ സർക്കാറിന്‍റെ ഫെലോഷിപ്പിന്​ അർഹമായിട്ടുണ്ട്​. പഞ്ചാരിയിലെ അഞ്ച്​ കാലങ്ങളും പൂർണമായും തിശ്രയിൽ കൊട്ടിത്തീർക്കുന്ന മേളത്തിന്‍റെ ആദ്യാവതരണമാണിത്​. ​45 പേർ അണിനിരക്കുന്ന മേളത്തിന്​ ശേഷം വിദഗ്​ധർ പ​ങ്കെടുക്കുന്ന അവലോകനവും ഉണ്ടാകുമെന്ന്​​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക്​ രണ്ടിന്​ ഡോ. എൻ.പി. വിജയകൃഷ്ണൻ യോഗം ഉദ്​ഘാടനം ചെയ്യും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ശിവദാസ്​ എന്നിവർ ആശീർവദിക്കും. വാർത്തസമ്മേളനത്തിൽ കാലടി കൃഷ്ണയ്യർ, പെരുവനം സതീശൻ മാരാർ, തൃക്കാമ്പുറം ജയൻ മാരാർ, കൊടകര രമേശൻ എന്നിവരും അനിൽകുമാറും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.