കൊടുങ്ങല്ലൂർ: തീവ്ര വംശനാശ ഭീഷണി നേരിടുന്നതും കേരളത്തിലെ തീരദേശ കാവുകളിൽമാത്രം കാണപ്പെടുന്നതുമായ ഒക്ക്ന ഗാംബ്ലി കലാലയ കാമ്പസിൽ പൂവണിഞ്ഞു. തീരദേശകാവുകളിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ഐ.യു.സി.എൻ തീവ്ര വംശനാശ പട്ടികയിൽവരുന്ന ഒക്ക്ന ഗാംബ്ലി പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് സംരക്ഷണ പ്ലോട്ടിലാണ് പൂവിട്ടത്.
പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷനും അസ്മാബി കോളജ് ബോട്ടണി ഗവേഷണ വിഭാഗവും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ജൈവ പരിപാലന സമിതിയും സംയുക്തമായി നടപ്പാക്കിവരുന്ന തീരദേശ ആവാസവ്യവസ്ഥ പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമാണ് കോളജിലെ സംരക്ഷണ പ്ലോട്ട്.
ആലപ്പുഴ ജില്ലയിലെ വണ്ടാനം കാവിൽ അല്ലാതെ ഒക്ക്ന ഗാംബ്ലി ആദ്യമായാണ് അസ്മാബി കോളജ് പ്ലോട്ടിൽ പൂവിടുന്നതെന്ന് കോളജിലെ അധ്യാപകനും ഗവേഷകനുമായ ഡോ. അമിതാബച്ചൻ ചൂണ്ടിക്കാട്ടി. ഗവേഷക ഡോ. ദേവിക എം. അനിൽ കുമാറിന്റയും ഡോ. അമിതാ ബച്ചന്റെയും നേതൃത്വത്തിൽ 2022 മുതൽ റൂഫ്‌ഫോർഡ് കൺസർവേഷൻ ഗ്രാന്റിന്റെയും സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും സഹായത്തോടെ നടപ്പാക്കുന്ന അന്തർദേശീയ മാനദണ്ഡങ്ങൾ ഉപയോഗിച്ചുള്ള ആവാസവ്യവസ്ഥ പുനഃസ്ഥാപന പദ്ധതിയുടെ വിജയമാണിത്. ഐ.യു.സി.എൻ വംശനാശ പട്ടികയിൽ ഒക്ക്ന ഗാംബ്ലി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതും ഈ ഗവേഷകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.