തൃശൂർ: പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ ക്രമമല്ലാത്തവരിലും പുകവലിക്കാരിലും തെറ്റായ ജീവിതശൈലി പിന്തുടരുന്നവരിലും വർധിച്ചുവരുന്ന 'ലെഗ് അറ്റാക്ക്' ഗൗരവമായി കാണണമെന്ന് വാസ്കുലാർ സൊസൈറ്റി ഓഫ് കേരള മുന്നറിയിപ്പ് നൽകി. കൈകാലുകളിലെ രക്തധമനികളിലെ തടസ്സങ്ങൾമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും തുടർന്ന് കാലുകൾ മുറിച്ചുമാറ്റേണ്ടിവരുന്ന സാഹചര്യവുമാണ് 'ലെഗ് അറ്റാക്ക്'. സംസ്ഥാനത്ത് പ്രതിദിനം 30 പേരുടെ കാലുകൾ ഇങ്ങനെ മുറിച്ചുമാറ്റേണ്ടിവരുന്നുണ്ടെന്ന് ഡോ. ജോയ് മഞ്ഞിലും ഡോ. വിനീത് കുമാറും വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാദത്തിലോ പേശികളിലോ മറ്റോ തരിപ്പ്, കിടക്കുമ്പോൾ കാലുകടച്ചിൽ, കാലിൽ ചെറിയ മുറിവ് എന്നിങ്ങനെയാണ് തുടക്കം. മുറിവ് പിന്നീട് വ്രണമായി മാറുകയും ഉണങ്ങാതാകുകയും അണുബാധ രക്തത്തിൽ കലർന്ന് കാൽ മുറിക്കേണ്ടിവരുകയും ചെയ്യും. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയെക്കുറിച്ച് ഉയർന്ന ബോധമുണ്ടെങ്കിലും കാലിനുണ്ടാകുന്ന ആഘാതത്തിന് കൃത്യമായ ചികിത്സ തേടാൻ ഭൂരിഭാഗം പേരും ശ്രമിക്കാറില്ല. ഏറെപ്പേരും അശാസ്ത്രീയമായ ചികിത്സ രീതികളെയാണ് ആശ്രയിക്കുന്നത്. അതോടെ പ്രശ്നം സങ്കീർണമാകും. ധമനികളിലെ തടസ്സം നീക്കാൻ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ചികിത്സ മുറകൾ, ഹൃദയത്തിനെന്നപോലെ കാലിനുമുണ്ട്. നന്നായി നടത്തം, നല്ല വ്യായാമം എന്നിവയും അത്യാവശ്യമാണ്. ഈ അവസ്ഥക്കെതിരായ പ്രവർത്തനത്തിന്‍റെ ഭാഗമായി സൊസൈറ്റി ഒരു വർഷം മുമ്പ് 'ആംപ്യൂട്ടേഷൻ ഫ്രീ കേരള' എന്ന പരിപാടിക്ക് തുടക്കംകുറിച്ചിരുന്നു. സൊസൈറ്റിയുടെ 24 മണിക്കൂറും ലഭ്യമായ 1800 123 7856 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ഇത്തരം രോഗത്തിന് ചികിത്സ നിർദേശം തേടാം. കേരളത്തിൽ 10ൽ താഴെ വാസ്കുലാർ വിദഗ്ധരാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.