നാട്ടികയിലെ രാജീവ് ഗാന്ധി ഭവന നിർമാണം: മുൻ ഭരണസമിതിയുടെ അഴിമതി അന്വേഷിക്കണമെന്ന്​ പഞ്ചായത്ത്​ പ്രസിഡന്‍റ്

​വിജിലൻസ് അന്വേഷിക്കണം തൃപ്രയാർ: മുൻ യു.ഡി.എഫ് ഭരണസമിതി നടപ്പാക്കിയ രാജീവ് ഗാന്ധി ഭവന നിർമാണ പദ്ധതിയിൽ വൻ അഴിമതി നടന്നതായും വിജിലൻസ് അന്വേഷിക്കണമെന്നും നാട്ടിക പഞ്ചായത്ത് പ്രസിഡന്‍റ് എം.ആർ. ദിനേശൻ, വൈസ് പ്രസിഡന്‍റ് രജനി ബാബു എന്നിവർ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഭരണസമിതി ഒരു പദ്ധതിയും ഫണ്ടും ചെലവാക്കുന്നില്ലെന്ന പരാതിയിൽ കഴമ്പില്ല. 2021 -22 സാമ്പത്തിക വർഷത്തിൽതന്നെ ഒരു കോടി 70 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. വളം നിർമാണം ആരംഭിച്ചു. 33 വീടുകളുടെ പണി പൂർത്തീകരിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 80 ലക്ഷം രൂപയിലധികം വകയിരുത്തിയിട്ടുണ്ട്. നിരവധി പ്രോജക്ടുകൾക്ക് തുടക്കംകുറിച്ചതായും പ്രസിഡന്‍റ് അറിയിച്ചു. ജൂബിലി മന്ദിരം, നാലാം വാർഡിൽ എസ്.സി കോളനിയിൽ കമ്യൂണിറ്റി ഹാൾ -ട്രെയിനിങ്​ സെന്‍റർ, തൃപ്രയാർ ബസ്​സ്റ്റാൻഡ്​ തുടങ്ങിയ പദ്ധതികളുടെ നിർമാണം ഉടൻ ആരംഭിക്കും. കഴിഞ്ഞ 10 വർഷം ഗ്രാമപഞ്ചായത്ത് ഭരിച്ചത് യു.ഡി.എഫാണ്. യു.ഡി.എഫ് ഭരണത്തിൽ എടുത്തുപറയാവുന്ന ഒരു പ്രവർത്തനവും നാട്ടികയിൽ നടന്നിട്ടില്ല. 2014 -15ൽ ഇ-ടോയ്​ലറ്റിനായി അഞ്ചു ലക്ഷം രൂപ ചെലവഴിച്ചെങ്കിലും ആറുമാസം കഴിഞ്ഞതോടെ നശിച്ചുപോയി. 2015 -16 സാമ്പത്തിക വർഷങ്ങളിലായി നടന്ന 'കോഴിയും കോഴിക്കൂടും' പദ്ധതിയിൽ നിരവധി പേർ ആനുകൂല്യം പറ്റിയെങ്കിലും പദ്ധതി പൂർണമായി നടപ്പായില്ല. 18.5 ലക്ഷം രൂപയാണ് സബ്സിഡിയായി നൽകിയത്. ലൈഫ് ഭവന നിർമാണ പദ്ധതി വരുന്നതിനു മുമ്പ്​ യു.ഡി.എഫ് ഭരണസമിതി കൊണ്ടുവന്ന രാജീവ് ഗാന്ധി ഭവന നിർമാണ പദ്ധതിക്കായി ഒരു കോടി രൂപ വായ്പയെടുത്തു. എന്നാൽ, മിക്ക വീടുകളുടെയും നിർമാണം പൂർത്തീകരിച്ചില്ല. പദ്ധതികളുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നതായി സംശയിക്കുന്നു. യു.ഡി.എഫ് നടപ്പാക്കിയ ഇത്തരം പദ്ധതികളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ കെ.ബി. ഷൺമുഖൻ, കെ.കെ. സന്തോഷ്, ഐഷാബി ജബ്ബാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.