ഇന്ന്​ അന്താരാഷ്ട്ര വിധവ ദിനം

പുനർവിവാഹത്തിന്​ സർക്കാർ ധനസഹായം: ജില്ലയിൽ 30 അപേക്ഷ തൃശൂർ: പുനർവിവാഹത്തിനായുള്ള മംഗല്യ പദ്ധതി വഴി ജില്ലയിൽ ഈ വർഷം ലഭിച്ചത് 30 അപേക്ഷകൾ. അർഹത പരിശോധിച്ച് എല്ലാ അപേക്ഷകർക്കും ധനസഹായം നൽകിയതായി അധികൃതർ അറിയിച്ചു. അംഗൻവാടികൾ മുഖേനയാണ് അപേക്ഷകരെ കണ്ടെത്തുന്നതും അർഹത പരിശോധിക്കുന്നതും. അപേക്ഷകൾ ഓൺലൈനാക്കിയതോടെ നടപടിക്രമങ്ങൾ എളുപ്പമായി. ദാരിദ്ര്യ രേഖക്ക് താഴെയുള്ള വിധവകൾ, നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവർ എന്നിവരുടെ പുനർവിവാഹത്തിന് സർക്കാർ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ. പുനർവിവാഹത്തിന് 25,000 രൂപയാണ് ധനസഹായം നൽകുക. അപേക്ഷക ബി.പി.എൽ / മുൻഗണന വിഭാഗത്തിൽ പെട്ടവരായിരിക്കണം. ഭർത്താവിന്‍റെ മരണംമൂലം വിധവയായവർക്കും നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയവർക്കുമാണ് അപേക്ഷിക്കാൻ സാധിക്കുക. 18നും 50നും മധ്യേ പ്രായമുള്ള വിധവകൾക്കാണ്​ ആനുകൂല്യം ലഭിക്കുക. പുനർവിവാഹം നടന്ന് ആറു മാസത്തിനകം അപേക്ഷിക്കണം. വൈകിയാൽ ഒരു വർഷത്തിനുള്ളിൽ മാപ്പപേക്ഷ വെച്ച് അപേക്ഷിക്കാം. ഒരു വർഷം കഴിഞ്ഞാൽ സർക്കാറിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്ട്രാർ മുമ്പാകെ രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ്, ആദ്യ വിവാഹത്തിലെ ഭർത്താവിന്‍റെ മരണ സർട്ടിഫിക്കറ്റ് / വിവാഹ ബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച കോടതി ഉത്തരവ്, ബി.പി.എൽ/ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നത് സംബന്ധിച്ച രേഖ (റേഷൻ കാർഡിന്‍റെ പകർപ്പ്​) സാക്ഷ്യപ്പെടുത്തിയത്, അപേക്ഷകയുടെ ബാങ്ക്​ പാസ്​ബുക്കിന്‍റെ പകർപ്പ് തുടങ്ങിയവ സഹിതമാണ് ജില്ല വനിത ശിശു വികസന ഓഫിസർക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. http://www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.