ചാലക്കുടി നഗരസഭയിൽ മാലിന്യ ശേഖരണ-സംസ്കരണ കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനമാരംഭിക്കും

ചാലക്കുടി: നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നിർമാണം പൂർത്തിയായി വരുന്ന എം.സി.എഫ്, ആർ.ആർ.എഫ് കേന്ദ്രങ്ങളുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. നിലവിൽ ഐ.ടി.ഐക്ക് സമീപമുള്ള പ്ലാസ്റ്റിക് കലക്ഷൻ സെന്റർ പുതിയ സ്ഥലത്തേക്ക് മാറ്റും. നഗരസഭയുടെ മൂന്ന്​ പ്രദേശങ്ങളിൽ കൂടി എം.സി.എഫ് നിർമാണം ആരംഭിക്കും. സാനിറ്ററി വേസ്റ്റ്​ സംസ്കരണത്തിനുള്ള പദ്ധതി അടിയന്തരമായി ആരംഭിക്കും. ലെഗസി വേസ്റ്റ്​ സംസ്കരണ പ്രോജക്ട് നടപ്പാക്കും. കഴിഞ്ഞ കൗൺസിൽ കാലയളവിൽ നഗരസഭക്കെതിരെ എൻ.ജി.ടി എടുത്ത കേസിൽ 2.75 കോടി രൂപ പിഴ അടക്കാൻ നിർദേശിച്ചിരുന്നു. മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നഗരസഭ പൂർത്തിയാക്കുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ കൗൺസിൽ തീരുമാനിച്ചത്. ഐ.ടി.ഐക്ക് സമീപമുള്ള എം.സി.എഫിൽ ഹരിതകർമസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് കിലോക്ക് 7.50 രൂപക്ക് എക്കോ ഗ്രീൻ മലപ്പുറം കമ്പനിക്ക് കരാർ നൽകി. കോസ്മോസ് ക്ലബിന് സമീപം നിർമാണം പൂർത്തിയായി വരുന്ന മാലിന്യ സംസ്കരണ യൂനിറ്റിന്റെ ഇലക്ട്രിക് വർക്കുകൾക്ക് 3.70 ലക്ഷം രൂപ അനുവദിച്ചു. മുൻ ഇന്ത്യൻ ഫുട്ബാൾ താരം പി.വി. രാമകൃഷ്ണന്റെ സ്മരണാർഥം റെയിൽവേ സ്റ്റേഷന് സമീപം അദ്ദേഹത്തിന്റെ വീടിന് മുന്നിലെ റോഡിന് അദ്ദേഹത്തിന്റെ പേരിടും. റെയിൽവേ സ്റ്റേഷന് സമീപത്തെ ഫ്ലൈ ഓവറിൽ ആധുനിക ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഗിഫ്റ്റി പബ്ലിസിറ്റി കമ്പനിക്ക് അനുമതി നൽകും. ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.