സേവനം മെച്ചപ്പെടുത്താന്‍ ജീവനക്കാര്‍ക്ക് 'പുനര്‍നവ' പദ്ധതിയുമായി കാലിക്കറ്റ്​ സര്‍വകലാശാല

കോഴിക്കോട്: ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിന് കാലിക്കറ്റ് സര്‍വകലാശാല നടപ്പാക്കുന്ന 'പുനര്‍നവ' പദ്ധതിക്ക് ഈ മാസം തുടക്കമാകും. ജീവനക്കാര്‍ക്ക് മികച്ച ശാരീരികക്ഷമത ഉറപ്പാക്കി സര്‍വകലാശാലയുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് വൈസ് ചാന്‍സലർ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്. സര്‍വകലാശാലാ കായികവിഭാഗവും സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജുക്കേഷനും ചേര്‍ന്നാണ് പരിപാടി നടപ്പാക്കുക. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അന്താരാഷ്ട്ര ഫിസിക്കല്‍ ആക്ടിവിറ്റി, ക്വാളിറ്റി ഓഫ് വര്‍ക്ക് ലൈഫ് എന്നിവയില്‍ പ്രത്യേകം ചോദ്യാവലി നല്‍കി വിവരങ്ങള്‍ ശേഖരിക്കും. ഈ സര്‍വേ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ വ്യക്തിഗത പരിശീലനം ശിപാര്‍ശ ചെയ്യും. 12 ആഴ്ചത്തെ പരിശീലനത്തിന് ശേഷം പുരോഗതി വിലയിരുത്തും. മെയ്​വഴക്കം, ശാരീരിക-മാനസികക്ഷമത, ശാരീരികഘടന എന്നീ ഘടകങ്ങളാണ് പരിശോധിക്കുക. പദ്ധതിക്കായി വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍വകലാശാലയുടെ ഗവേഷണ എത്തിക്‌സ് സമിതി അംഗീകാരം നല്‍കി. പരിപാടിയില്‍ പങ്കാളികളാകാന്‍ സഹകരണം തേടി എല്ലാ ജീവനക്കാര്‍ക്കും കത്ത് നല്‍കിയതായി കായികവിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.