സുരക്ഷിത ഇലക്ട്രിക് സ്കൂട്ടറുമായി കോളജ് വിദ്യാർഥികൾ

കരൂപ്പടന്ന: സുരക്ഷിത ഇലക്ട്രിക് സ്കൂട്ടറുമായി വള്ളിവട്ടത്തെ യൂനിവേഴ്സൽ എൻജിനീയറിങ്​ കോളജ് വിദ്യാർഥികൾ. ഫോസിൽ ഇന്ധനങ്ങളായ പെട്രോളിയം, കൽക്കരി തുടങ്ങിയവ കത്തിക്കുന്നത് മൂലമുണ്ടാകുന്ന ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഒരുപരിധിവരെ പരിഹരിക്കാൻ ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്​ ശ്രമം ത്വരിതപ്പെടുത്തുന്ന സാഹചര്യത്തിലും വിപണിയിൽ ലഭ്യമായ ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളിലുണ്ടാകുന്ന അഗ്നിബാധ ഈ വ്യവസായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ മന്ദഗതിയിലാക്കുകയായിരുന്നു. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള പരീക്ഷണങ്ങൾ യൂനിവേഴ്സൽ എൻജിനീയറിങ്​ കോളജ് റിസർച് ആൻഡ് ഡെവലപ്മെന്റ് സെൽ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അവകാശപെട്ടു. ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥികൾ രൂപകൽപന ചെയ്ത് പുറത്തിറക്കിയ വാഹനമാണ് സുരക്ഷിത ഇലക്ട്രിക് സ്കൂട്ടർ. അഗ്​നിബാധ ഏൽക്കാത്ത ലിഥിയം അയൺ ബാറ്ററിയാണ് ഊർജദായക ചാലകം. ബാറ്ററി അമിതമായി ചൂടാകുന്നത് തടയുന്നതിന് കൂളിങ്​ ടെക്നോളജി മൊഡ്യൂൾ ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. മോട്ടോറിൽനിന്ന് സുഗമമായി ശക്തിപ്രേഷണം ചെയ്യുന്നതിനുള്ള ഗിയർ ട്രാൻസ്മിഷൻ സിസ്റ്റവും കൂടിച്ചേർന്നതാണ് സ്കൂട്ടറിന്റെ പവർ ട്രാൻസ്മിഷൻ സിസ്റ്റം. സാധാരണ ജനങ്ങൾക്ക് പ്രാപ്യമായ വിലയിൽ ലഭ്യമാക്കാൻ ഗവേഷണം ആരംഭിച്ചു കഴിഞ്ഞു. കോളജ് കാമ്പസിൽ നടന്ന ട്രയൽ റൺ വിജയകരമായിരുന്നുവെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഇലക്ട്രിക് സ്കൂട്ടറിന്റെ ലോഞ്ചിങ് പ്രിൻസിപ്പൽ ഡോ. ജോസ് കെ. ജേക്കബ് നിർവഹിച്ചു. ഇലക്ട്രോണിക്സ് എൻജിനീയറിങ്​ വകുപ്പ് മേധാവി വി.ആർ. രമ്യ, റിസർച് ആൻഡ് ഡെവലപ്മെന്റ് സെൽ കോഓഡിനേറ്റർ ഡോ. എം. ജോളി, വർക്ക്ഷോപ് സൂപ്രണ്ട് കെ.കെ. അബ്ദുൽ റസാഖ്, അസിസ്റ്റന്റ് പ്രഫ. പി.എസ്. ശ്രീത, പ്രോജക്ട്​ ഗൈഡ് മീനു ജോസ് തെക്കൻ എന്നിവർ സംസാരിച്ചു. അവസാന വർഷ ഇലക്​ട്രിക്കൽ എൻജിനീയറിങ്​ വിദ്യാർഥികളായ ടി.എം. സജി, പി.എസ്. അൽക്ക, എവിൻ ഷാജൻ, വി.എസ്. ആർദ്ര എന്നീ വിദ്യാർഥികളാണ് ഇലക്ട്രിക്​ സ്കൂട്ടറിന്റെ ശിൽപികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.