വിധിപ്രകാരം കാർ നൽകിയില്ല; ഡാറ്റ കേരള സെക്രട്ടറിക്ക് വാറന്‍റ്​

തൃശൂർ: വിധിപ്രകാരം കാർ നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറന്‍റ്​ അയക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്. തൃശൂർ കണിമംഗലത്തെ പ്രസിഡന്‍റ്​ അവന്യൂവിലെ ഇ.എസ്​. മിനി ഫയൽ ചെയ്ത ഹരജിയിലാണ് എറണാകുളം ചിറ്റൂർ റോഡിലെ ഡാറ്റ കേരള സെക്രട്ടറിക്കെതിരെ വാറന്‍റ്​ അയക്കാൻ ഉത്തരവായത്. മിനിക്ക് ഡിഷ് വാഷർ വാങ്ങിയപ്പോൾ കിട്ടിയ കൂപ്പണിന് നാനോ കാർ സമ്മാനമായി ലഭിച്ചിരുന്നു. സമ്മാനമായി ലഭിച്ച കാർ, കൂപ്പൺ നഷ്ടപ്പെട്ടു എന്നതിന്‍റെ പേരിൽ നൽകാതിരുന്നതിനെത്തുടർന്ന് മിനി ഉപഭോക്തൃ കോടതിയെ സമീപിച്ചു. തുടർന്ന്​ കാർ നൽകാൻ വിധിച്ചു. എന്നാൽ, വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് എതിർ കക്ഷിയെ ശിക്ഷിക്കാൻ ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്യുകയായിരുന്നു. ഹരജി പരിഗണിച്ച പ്രസിഡന്‍റ്​ സി.ടി. സാബു, മെമ്പർമാരായ എസ്. ശ്രീജ, ആർ. രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഡാറ്റ കേരള സെക്രട്ടറിക്കെതിരെ പൊലീസ് മുഖേന വാറന്‍റ്​ അയക്കാൻ കൽപ്പിച്ച് ഉത്തരവിടുകയായിരുന്നു. വിധി പാലിച്ചില്ലെങ്കിൽ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്​. ഹരജിക്കാരിക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.