ഉറവ വറ്റാത്ത 'കനിവ്​'; നിർധനർക്കായി നിർമിച്ച വീടുകൾ ഇന്ന്​ കൈമാറും

ഉറവ വറ്റാത്ത 'കനിവ്​'; നിർധനർക്കായി നിർമിച്ച വീടുകൾ ഇന്ന്​ കൈമാറും കൊരട്ടി: നന്മ വറ്റാത്ത നാടിന്റെ കനിവിൽ ആറ് നിർധന കുടുംബങ്ങൾക്കായി നിർമിച്ച നൽകിയ വീടുകൾ ചൊവ്വാഴ്ച​ കൈമാറും. വെസ്റ്റ്‌ കൊരട്ടിയിലെ കനിവ് ചാരിറ്റബിൾ സൊസൈറ്റിയാണ്​ വീട് നിർമിച്ച്​ നൽകിയത്​. വൈകീട്ട്​ അഞ്ചിന്​ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ്‌ വീടുകളുടെ താക്കോൽദാനവും പരിപാടിയുടെ ഉദ്​ഘാടനവും നിർവഹിക്കും. അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ബെന്നി ബഹനാൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ. ഡേവിസ് തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് പഞ്ചവാദ്യം, ഗാനസന്ധ്യ, തിരുവാതിരക്കളി തുടങ്ങിയ കലാപരിപാടികളും നടക്കും. മുന്നൂറോളം അപേക്ഷകരിൽനിന്ന് തെരഞ്ഞെടുത്തവർക്കാണ്​ പാർപ്പിടമൊരുക്കിയത്. വെസ്റ്റ്കൊരട്ടിയിൽ അഡ്വ. വി. സുരേഷ്-ആശ സുരേഷ് ദമ്പതികൾ സൗജന്യമായി നൽകിയ 24 സെന്റ് സ്ഥലത്താണ് കനിവ് സാന്ത്വനം പാർപ്പിട സമുച്ചയം ഒരുക്കിയത്. 12 വീടുകൾ നിർമിക്കാനാണ്​ പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാൽ, കോവിഡ് മൂലം വേണ്ടത്ര സഹായം ലഭ്യമാകാത്ത സാഹചര്യത്തിൽ ആദ്യഘട്ടമായി ആറ് വീടുകൾ പൂർത്തീകരിക്കുകയായിരുന്നു. 45ലക്ഷത്തോളം രൂപയാണ് ഇതുവരെ നിർമാണത്തിന് ചെലവായിട്ടുള്ളത്. ആറ്​ വീടുകൾ അടങ്ങിയ അടുത്ത ഘട്ടത്തിൽ സുമനസ്സുകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി കനിവ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ കെ.ആർ. അജയനും സെക്രട്ടറി കെ.എം. സലീമും പറഞ്ഞു. TCMChdy - 4 കനിവ് സംഘടനയുടെ നേതൃത്വത്തിൽ നിർമിച്ച വീടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.