സർക്കാറിന്‍റെ പിടിപ്പുകേട്​: വേതനം ലഭിക്കാതെ ദേശീയപാത ഭൂമി ഏറ്റെടുക്കൽ കാര്യാലയത്തിലെ ജീവനക്കാർ

തൃശൂർ: ദേശീയപാത വികസനത്തിന്​ ഭൂമി ഏറ്റെടുക്കുന്നതിന്​ സംസ്ഥാനത്ത്​ പ്രത്യേകം സ്ഥാപിച്ച ഭൂമി ഏറ്റെടുക്കൽ കാര്യാലയത്തിലെ ജീവനക്കാർക്ക്​ ഈ മാസം വേതനം ലഭിച്ചില്ല. ഡെപ്യൂട്ടി കലക്ടറുടെ കീഴിലെ ഓഫിസുകളിൽ റവന്യൂ വകുപ്പ്​ ജീവനക്കാരാണ്​ ​മേയിലെ ശമ്പളം കിട്ടാതെ നട്ടംതിരിയുന്നത്​. വയനാട്​, ഇടുക്കി, പത്തനംതിട്ട, കോട്ടയം ഒഴിച്ച്​ 10 ജില്ലയിലാണ്​ വേതനം ലഭിക്കാത്തത്​. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കുന്നതിന്​ റവന്യൂ വകുപ്പിൽനിന്ന്​ സർക്കാറിന്‍റെ പ്രത്യേക അനുമതിയോടെയാണ്​ ജീവനക്കാരെ നിയമിക്കുന്നത്​. പ്രതിവർഷം റവന്യൂ കമീഷണറേറ്റ്​ നൽകുന്ന അപേക്ഷയിൽ ധനകാര്യ വകുപ്പ്​ നൽകുന്ന അനുമതിപത്രത്തിലാണ്​ ജീവനക്കാർക്ക്​ വേതനം അടക്കം ലഭിക്കുന്നത്​. അപേക്ഷ നൽകുന്നത്​ വൈകിയതിനാൽ ഇക്കുറി തുടർച്ചാനുമതി ലഭിക്കാതെ ​പോയതാണ്​ പ്രശ്നങ്ങൾക്ക്​ കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന വേളയിൽ വേതനം കിട്ടാതെ നൂറുകണക്കിന്​ ജീവനക്കാരാണ്​ വലയുന്നത്​. കഴിഞ്ഞ ഡിസംബറിലാണ്​ അനുമതിപത്രത്തിന്‍റെ കാലാവധി അവസാനിച്ചത്​. അതിനുശേഷം മൂന്നുമാസം വരെ തുടർന്നും വേതനം നൽകാനാവും. എന്നാൽ, മാർച്ചിന്​ പിന്നാലെ രണ്ടുമാസം പല ജില്ലയിലും വേതനം മുടങ്ങിയിട്ടുണ്ട്​. എറണാകുളം, മലപ്പുറം അടക്കം ജില്ലകളിലാണ്​ അധികമാസം ശമ്പളം മുടങ്ങിയിട്ടുള്ളത്​. അതോടൊപ്പം ദേശീയപാത വികസനത്തിന്​ സംസ്ഥാന സർക്കാറിന്​ ദേശീയപാത അതോറിറ്റി ഓഫ്​ ഇന്ത്യ (എൻ.എച്ച്​.എ.ഐ) 130 കോടി രൂപയോളം എസ്റ്റാബ്ലിഷ്​മെന്‍റ്​ കോസ്റ്റായി നൽകേണ്ടതുണ്ട്​. നേരത്തേ വ്യക്തമാക്കിയ അനുമതിപത്രത്തിന്​ പിന്നാലെ എൻ.എച്ച്​.എ.ഐമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും കാലതാമസം നേരിടുകയും ചെയ്തു.​ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അധിക ജില്ലകളിലും അവസാനഘട്ടത്തിലാണുള്ളത്​. ഒരു വർഷംകൂടിയുള്ള പ്രവർത്തനങ്ങളാണ്​ അധിക ജില്ലകളിലും ബാക്കിയുള്ളത്​. ഈ പ്രവർത്തനങ്ങൾ വിലയിരുത്തി അതിന്​ അനുസരിച്ച്​ അനുമതിപത്രത്തിന്​ അപേക്ഷ നൽകുന്നതിനാണ്​ കാലതാമസമെന്നാണ്​ ഔദ്യോഗിക വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.