lead തൃശൂര്‍: ഓണ്‍ലൈനിൽനിന്ന് ആദ്യമായി വിദ്യാലയാങ്കണത്തിൽ കാലുകുത്തിയവരായിരുന്നു ചിലർ. വേറെ കുറെ കുട്ടികൾ ആദ്യമായി വിദ്യാലയത്തിൽ എത്തുന്നവർ. പണ്ടെപ്പോലെ പരിഭ്രമമുള്ളവർ പാടേ കുറവ്. പാട്ടും കളിയും ചിരിയും മധുരപലഹാര വിതരണവുമായി ജില്ലയിൽ പ്രവേശനോത്സവം പൊടിപാറിയപ്പോൾ കുട്ടിത്തത്തിന്‍റെ വീണ്ടെടുപ്പിൽ തളിർക്കുകയായിരുന്നു വിദ്യാലയങ്ങൾ. മഹാമാരിയുടെ ആശങ്കകളും കാര്‍മേഘങ്ങളും ഒഴിഞ്ഞുനിന്ന പുലരിയില്‍ പുത്തനുടുപ്പും ബാഗും പുസ്തകങ്ങളുമായി കുരുന്നുകൾ ഒറ്റക്കും കൂട്ടമായും സ്കൂളുകളിലെത്തി. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടുമൊരു സമ്പൂർണ വിദ്യാലയകാലം. പുതിയ അന്തരീക്ഷവുമായി ഇണങ്ങാൻ മടികാണിച്ച അപൂർവം ചിലരുണ്ടായിരുന്നു. വര്‍ണ ബലൂണുകളും വലിയ കടലാസ് പൂക്കളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച വിദ്യാലയ മുറ്റത്തേക്ക് അച്ഛനമ്മമാര്‍ക്കൊപ്പമെത്തിയ നവാഗതര്‍ വിസ്മയവും പരിഭ്രമവും പടർന്ന മുഖവുമായി ആദ്യമൊന്ന് അന്തിച്ചുനിന്നു. അമ്മയും അച്ഛനും ഗേറ്റില്‍ നിന്നിരുന്ന ടീച്ചര്‍മാരും നിര്‍ബന്ധിച്ചപ്പോള്‍ മടികൂടി. പിന്നെ എല്ലാവരും ചേര്‍ന്ന് സ്നേഹപൂര്‍വം അകത്തുകയറ്റി. മിഠായിയും ലഡുവും ബലൂണും കൊടുത്ത് 'വശത്താക്കി'. സ്കൂളിനകത്ത് പരിചയമില്ലാത്തവരെങ്കിലും മറ്റു കുട്ടികളെ കണ്ടപ്പോള്‍ അവര്‍ക്കൊപ്പം കളിക്കാന്‍ തോന്നി ചിലർക്ക്. ചില കുട്ടികള്‍ കരഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം കൂടാനുമുണ്ടായി കുറച്ചുപേർ. പക്ഷേ, ടീച്ചര്‍മാര്‍ പാട്ടും മറ്റുമായി അവരുടെ മനസ്സ് മാറ്റിക്കളഞ്ഞു. അച്ഛനമ്മമാരോട് പതുക്കെ രംഗം വിടാൻ അധ്യാപകര്‍ പറയുന്നുണ്ടായിരുന്നു. കൂടെവന്ന അച്ഛനെയും അമ്മയെയും കാണാതായതോടെ കുറച്ചുപേർക്ക് പരിഭ്രാന്തി, അതിൽ ചിലർക്ക് വിതുമ്പൽ, വേറെ ചിലർക്ക് കരച്ചിൽ വന്നിട്ടു വയ്യ. ടീച്ചറുടെ കൈവിരലിൽ തൂങ്ങി പലരും സങ്കടം മാറ്റിവെച്ചു. ക്ലാസിന് പുറത്തേക്ക് ഓടാന്‍ ശ്രമിച്ച കുറുമ്പുകാരെ ചേര്‍ത്തുപിടിച്ച് കളിപ്പിച്ച് ആയമാർ ക്ലാസിലേക്ക് തിരിച്ചുകയറ്റി. മിഠായി കഴിഞ്ഞതോടെ അച്ഛനെ കാണണമെന്ന് വാശിപിടിച്ചവരും കരച്ചിലും ബഹളവും ശ്രദ്ധിക്കാതെ, തുള്ളി കണ്ണീർ പൊഴിക്കാതെ ഗൗരവത്തിൽ ക്ലാസിലെ കോലാഹലങ്ങള്‍ വീക്ഷിച്ചവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ----------------- ഐതിഹ് എവിടെ? ആശങ്ക അധികം നീണ്ടില്ല തൃശൂർ: പ്രവേശനോത്സവ നാളിൽ അഞ്ച് വയസ്സുകാരൻ ഐതിഹിനെച്ചൊല്ലി ആശങ്ക. തൃശൂർ ബിഷപ്സ് പാലസ് റോഡിലെ സെന്‍റ് ക്ലയേഴ്സ് സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് ആദ്യമായി എത്തിയ വെള്ളാനിക്കര മാങ്ങോട് പറയൻകാട്ടിൽ വീട്ടിൽ വിപിന്‍റെ മകൻ ഐതിഹ് ക്ലാസ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയില്ല എന്ന വിവരമാണ് കുറച്ചു നേരത്തെ പരിഭ്രാന്തിക്ക് ഇടയാക്കിയത്. ക്ലാസ് കഴിഞ്ഞുപോയ കുട്ടി വീട്ടിൽ എത്തിയില്ലെന്ന വിവരം വേഗം പരന്നു. പൊലീസ് സ്കൂളിലെത്തി. സ്കൂൾ അധികൃതരും ആശങ്കയിലായി. അതിനിടക്കാണ് കുട്ടി വാഹനം മാറിക്കയറി മുളയം ഭാഗത്തേക്കുള്ള മറ്റൊരു വാഹനത്തിൽ പോയതായി വിവരം എത്തിയത്. മകനെ സ്കൂളിൽനിന്ന് കൂടെക്കൂട്ടാൻ വിപിൻ എത്തിയിരുന്നു. മറ്റു കുട്ടികൾക്കൊപ്പം ഐതിഹിനെ കയറേണ്ട വാഹനത്തിലേക്ക് വിട്ട് മൂത്ത മകനെ വിളിക്കാൻ പോയപ്പോഴാണ് കൂട്ടംതെറ്റിയത്. മുളയത്തേക്കുള്ള വാഹനത്തിൽ കുട്ടിയുണ്ടെന്ന വിവരം എത്തിയതോടെ ആശങ്ക അവസാനിച്ചു. ------ ഫോട്ടോ: TCR 1 Aithih ഐതിഹ് പിതാവ് വിപിനിനൊപ്പം -(ഫോട്ടോ മെയിലിൽ)-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.