അനുഗ്രഹ സ്പെഷൽ സ്കൂൾ, ശ്രീനാഥ്
കൊടുങ്ങല്ലൂർ: അന്തേവാസി കൊല ചെയ്യപ്പെട്ട കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷൽ സ്കൂൾ നഗരസഭ നോട്ടീസ് നൽകിയതിനെ തുടർന്ന് അടച്ചുപൂട്ടി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന് സാമൂഹികക്ഷേമ വകുപ്പിന്റെ അനുമതിയില്ലന്ന് വ്യക്തമായ സാഹചര്യത്തിലാണ് സ്റ്റോപ് മെമോ നൽകിയതെന്ന് നഗരസഭ ചെയർപേഴ്സൻ ഹണി പീതാംബരൻ പറഞ്ഞു. 2018 മുതൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിൽ വൈകല്യം അനുഭവിക്കുന്നവർക്ക് അനുയോജ്യമായ സജ്ജീകരണങ്ങളും ഇല്ല. പറവൂർ സ്വദേശി ചീണ്ടേൽ ബോബിയും സുഷമയും ചേർന്നാണ് സ്കൂൾ നടത്തിയിരുന്നത്. സ്ഥാപനത്തിൽനിന്ന് പലപ്പോഴും അന്തേവാസികളുടെ കരച്ചിൽ കേൾക്കുന്നതായി നാട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു.
വടക്കെനടയിൽ എസ്.ബി.ഐ റോഡിലെ അനുഗ്രഹ സ്പെഷൽ സ്കൂളിലെ അന്തേവാസി പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര ചെല്ലിപറമ്പിൽ പ്രഭാകരന്റെ മകൻ ശ്രീനാഥിനെയാണ് ഏപ്രിൽ ഒന്നിന് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. കൈകളിലും കാലുകളിലും മർദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു. പൊലീസ് സ്ഥാപനത്തിൽ നടത്തിയ തിരച്ചിലിൽ മർദനത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് കേബിൾ കൊണ്ടുള്ള ആയുധം കണ്ടെത്തി. തുടർന്നാണ് കെയർടേക്കറായ തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻവീട്ടിൽ മഹേഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു മാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്.
ബോബിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ബോബിയുടെ ഒരു മകനും ഭിന്നശേഷിക്കാരനാണ്. ശ്രീനാഥ് അടക്കം എട്ട് പേരാണ് സ്‌കൂളിൽ ഉണ്ടായിരുന്നത്. 35കാരനായ ശ്രീനാഥിന്റെ മാതാപിതാക്കൾ വേർപിരിഞ്ഞ് ജീവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശ്രീനാഥിനെ സ്പെഷൽ സ്കൂളിലാക്കിയത്. സംഭവത്തെ തുടർന്ന് മറ്റു അന്തേവാസികളെ വീട്ടുകാർ എത്തി കൊണ്ടുപോയി. കൊലപാതകം സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബിജോയ് പറഞ്ഞു.
അനുഗ്രഹ സ്പെഷൽ സ്കൂളിൽ അന്തേവാസി കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ കെയർടേക്കർ മഹേഷ് മോഷണക്കേസിൽ പ്രതി. ക്രിമിനൽ മാനസികാവസ്ഥയുള്ള ഇയാൾക്ക് സ്പെഷൽ സ്കൂളിൽ കുട്ടികളെ പരിചരിക്കാനുള്ള യോഗ്യതയും പരിശീലനവും ഇല്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മീൻപിടിത്തവും മറ്റുമായി കറങ്ങിനടന്നിരുന്ന ഇയാൾ മുനമ്പത്ത് തങ്ങുമ്പോഴാണ് മോഷണക്കേസിൽ പ്രതിയായത്. പരസ്യം കണ്ട് ഒരു മാസം മുമ്പാണ് സ്പെഷൽ സ്കൂളിൽ ജോലിക്കെത്തിയത്. ഓട്ടിസം ബാധിച്ചതും മറ്റുമായ അന്തേവാസികളെ ഇയാൾക്ക് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് വേണം കരുതാൻ. ഉടമകൾ വേണ്ട വിധം കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. അന്തേവാസികളെ മെരുക്കാൻ മർദനമുറകളാണ് കെയർടേക്കർ പ്രയോഗിച്ചിരുന്നതെന്ന് കരുതുന്നു. ഇതിന് സാക്ഷ്യമാണ് ഇവിടെ നിന്ന് ഉയർന്ന് കേട്ടിരുന്ന കരച്ചിൽ.
കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷൽ സ്കൂളിലെ അന്തേവാസിയായ 35കാരൻ ശ്രീനാഥ് കൊല ചെയ്യപ്പെട്ട സംഭവത്തിൽ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ ഫേസ് ബുക്ക് കുറിപ്പ് ഒരേ സമയം സമൂഹത്തിന്റെ നിസ്സംഗ മനോഭാവത്തെ ചോദ്യം ചെയ്യുന്നതും ക്രൂരമായ കൊലപാതകത്തിന്റെ പിന്നാമ്പുറക്കഥകൾ സൂചിപ്പിക്കുന്നതുമാണ്.
‘പ്രിയരേ, ഒരു മനുഷ്യന്റെ ജീവൻ ഇത്ര വില കുറഞ്ഞതാണോ? പാലക്കാട് നമ്മൾ കണ്ടത് ഒരു മോബ് കൊലപാതകം, ചാവക്കാട് പ്രസവ ചികിത്സ നൽകാതെ ഒരു അമ്മയെ ഭർത്താവു തന്നെ കൊലക്കു കൊടുത്തു. ഇപ്പോൾ കൊടുങ്ങല്ലൂരിൽ ഒരു ഭിന്നശേഷിക്കാരനായ ഓട്ടിസം വ്യക്തിയുടെ കസ്റ്റോഡിയൽ മരണം. ഇതാണോ നമ്മൾ അഭിമാനത്തോടെ പറയുന്ന ‘കേരള മോഡൽ’? അല്ലെങ്കിൽ നമ്മൾ സ്വപ്നം കണ്ട ‘ഐഡിയൽ കേരളം’? എന്നാണ് കുറിപ്പ് ആരംഭിക്കുന്നത്.
ശ്രീനാഥ് താമസിച്ചിരുന്ന സ്ഥാപനം ഭിന്നശേഷിക്കാരെ പ്രവേശിപ്പിക്കാൻ ആവശ്യമായ നിയമങ്ങൾ പാലിച്ചിട്ടില്ല, സംരക്ഷിക്കേണ്ടവരാണ് പീഡിപ്പിച്ചത്. നിയന്ത്രിക്കേണ്ടവർ മിണ്ടാതിരിക്കുന്നു... അല്ലെങ്കിൽ കാണാത്തതായി നടിക്കുന്നു. ഇവരെ കണ്ണുതുറപ്പിക്കാൻ സമൂഹം ഒന്നായി മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ ഭിന്നശേഷിക്കാരനും മാന്യതയോടെ ജീവിക്കാൻ അവകാശമുണ്ട്. അത് ഒരു ദയയല്ല, ഒരു അവകാശമാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ശബ്ദമുയർത്തൂ, അനാസ്ഥയെ ചോദ്യം ചെയ്യൂ, ഇനിയും ഒരാളും ഇങ്ങനെ മരിക്കാതിരിക്കട്ടെ... എന്ന ഓർമിപ്പിക്കലോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.