തൃശൂർ: കേരള സാഹിത്യ അക്കാദമിയിലെ വിജിലൻസ് അന്വേഷണം യു.ഡി.എഫ് കാലത്ത് ലക്ഷങ്ങൾ ചെലവിട്ട് എങ്ങുമെത്താതെ പോയ 'മലയാള സാഹിത്യ ചരിത്രം', 'ഗ്രന്ഥസൂചി' പദ്ധതികളിൽ. അക്കാദമി പബ്ലിക്കേഷൻ വിഭാഗത്തെ മറികടന്ന് കേരള യൂനിവേഴ്സിറ്റി ഗവേഷക ഗൈഡ് ഡോ. എൻ. സാം എഡിറ്ററും അന്നത്തെ ലൈബ്രേറിയൻ കെ. രാജേന്ദ്രൻ കോഓഡിനേറ്ററുമായാണ് രണ്ട് പദ്ധതികളും നിർവഹിച്ചത്. ലക്ഷങ്ങൾ ചെലവിട്ട് പകുതിയിലധികവും പ്രസിദ്ധീകരിച്ച് തെറ്റുകളെ തുടർന്ന് നിർത്തിവെച്ചതാണ് 'മലയാള സാഹിത്യ ചരിത്രം'. 80 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. 12 വാള്യങ്ങൾ പ്രസിദ്ധീകരിക്കാൻ വിഭാവനം ചെയ്തെങ്കിലും ഒമ്പതെണ്ണമാക്കി കുറച്ചു. പ്രസിദ്ധീകരിച്ചതാകട്ടെ ആറെണ്ണം മാത്രം. പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് അക്കാദമി തന്നെ നിയോഗിച്ച എം.എം. ബഷീർ, എം. ലീലാവതി, എം.ആർ. രാഘവ വാര്യർ തുടങ്ങിയവർ അടങ്ങുന്ന പ്രത്യേക സമിതി തെറ്റുകളും അബദ്ധങ്ങളും നിറഞ്ഞതാണെന്നും പ്രസിദ്ധീകരിച്ചത് വിപണിയിലെത്തിക്കാൻ കഴിയില്ലെന്നുമാണ് കണ്ടെത്തിയത്. 27 ലക്ഷം ചെലവിട്ട് ഏഴ് വാള്യങ്ങൾ 1000 കോപ്പി വീതം അച്ചടിച്ചു. ജനറൽ എഡിറ്റർക്ക് ആറ് ലക്ഷവും വാള്യം എഡിറ്റർക്ക് 50,000 രൂപയും ഓരോ പേജ് എഴുതുന്നവർക്ക് 500 രൂപയുമായിരുന്നു പ്രതിഫലം. ആറ് വാള്യങ്ങൾ അച്ചടിച്ചപ്പോൾ ഭരണസമിതി മാറി. പിന്നീട് വന്ന സമിതി പുതിയ വാള്യങ്ങളിലേക്കുള്ള ഇനങ്ങൾ പരിശോധിച്ചപ്പോഴാണ് തെറ്റുകൾ കണ്ടെത്തിയത്. തുടർന്ന് അച്ചടി നിർത്തി. മലയാളത്തിലെ മുഴുവൻ ഗ്രന്ഥങ്ങളുടെയും വിവരം ഉൾക്കൊണ്ട ഗ്രന്ഥസൂചി തയാറാക്കുന്ന പദ്ധതിയും ഇക്കാലത്താണ് തുടങ്ങിയത്. പുസ്തകങ്ങളുടെ ലഘുവിവരങ്ങൾ നൽകുന്നതിന് പകരം അക്കാദമി ലൈബ്രറിയിലെ പുസ്തകങ്ങൾ മാത്രം ഉൾപ്പെടുത്തിയ കാറ്റലോഗ് ഇറക്കുകയായിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു. അഞ്ചുവർഷം കൂടുമ്പോൾ പരിഷ്കരിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും 1997ന് ശേഷം 2015ലാണ് പ്രസിദ്ധപ്പെടുത്തിയത്. പിന്നീട് ഭരണസമിതി മാറിയപ്പോൾ ഗ്രന്ഥസൂചിയിലെ തെറ്റുകൾ മാറ്റാൻ മറ്റൊരു സമിതിയെ ചുമതലപ്പെടുത്തി. ഒടുവിൽ അച്ചടിക്കാതെ ഡിജിറ്റൽ രൂപത്തിലാണ് പുറത്തിറക്കിയത്. ഇതിന് പിന്നീട് വൻ തുക ചെലവഴിച്ചു. പിന്നീട് തെറ്റുകൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രവർത്തനം സ്തംഭിച്ചു. ഈ പദ്ധതിയുടെ ധനവിനിയോഗത്തിലും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ഗ്രന്ഥസൂചി, മലയാള സാഹിത്യ ചരിത്രം എന്നിവ കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ വിഭാഗത്തിലൂടെ നിർവഹിക്കപ്പെട്ടതല്ലെന്ന് പബ്ലിക്കേഷൻ ഓഫിസർ ഇ.ഡി. ഡേവിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.